അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികളുടെ ലഹരി: മന്ത്രി ഡോ.ആർ ബിന്ദു

15

അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികൾക്കിടയിലെ ലഹരിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും കേരള സർവകലാശാല യൂണിയനും സംയുക്തമായി നടപ്പാക്കുന്ന മോക്ഷ സാംസ്‌കാരികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളിലും യുവാക്കളിലും അതിഭീകരമായരീതിയിൽ പടർന്നുപിടിക്കുന്ന ലഹരി ഉപഭോഗം തടയാൻ കാര്യക്ഷമമായ പദ്ധതികളാണ്‌ സർക്കാർ നടപ്പാക്കുന്നത്. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപഭോഗം സമൂഹത്തെയൊന്നാകെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർഥികളെത്തന്നെ മുൻനിരയിൽ നിർത്തി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഫലം നൽകും. എല്ലാ കോളേജു കളിലെയും വിദ്യാർഥി പ്രതിനിധികളെ പങ്കെടുപ്പിച്ച് രൂപംനൽകുന്ന ‘കരുതൽസേന’ ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും എൻ.എസ്.എസ്, എൻ.സി.സി വിഭാഗങ്ങളിൽ നിന്ന് 10 വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് കരുതൽ സേനയ്ക്ക്‌ രൂപം നൽകുന്നത്. ഇവർക്ക് പരിശീലനം നൽകി വിദ്യാർഥികൾക്കിടയിലെ ലഹരി ഉപഭോഗം പരമാവധി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫിസ് മീഡിയ വിഭാഗം തയ്യാറാക്കിയ ആനിമേഷൻ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.

പരിപാടിയുടെ ഭാഗമായി വൈകിട്ട് ആയുർവേദ കോളേജ് പരിസരത്ത് നിന്ന് ലഹരിവിരുദ്ധ സന്ദേശവുമായി നടത്തിയ മിനി മാരത്തൺ തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തൺ യൂണിവേഴ്സിറ്റി കോളേജിൽ സമാപിച്ചു.

വി കെ പ്രശാന്ത് എം.എൽ.എ പരിപാടിയിൽ അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ആശാവിജയൻ, ആരോഗ്യവകുപ്പ് ഡയറക്ടർ വി മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫിസർ ബിന്ദു മോഹൻ, അസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജരുമായ ജയരാജ് പി കെ, കേരള സർവകലാശാല വൈസ് പ്രിൻസിപ്പൽ സുബ്രഹ്‌മണ്യം, കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിഷ്ണു എ, ജനറൽ സെക്രട്ടറി നസീം എം തുടങ്ങിയവർ സംസാരിച്ചു.

27ന് ലഘുനാടകം, പോസ്റ്റർ മത്സരങ്ങൾ, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടക്കും. 28 ന് മൈം മത്സരം, സംഗീത നിശ എന്നിവയും അരങ്ങേറും. 28 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷനാകും.

NO COMMENTS