സംസ്ഥാനത്ത് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടത്തുന്ന തെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്തെ 14 ഡി അഡിക്ഷൻ സെന്ററുകളിലായി കഴിഞ്ഞ ജനുവരിയിൽ മാത്രം 2101 പേർക്കാണ് ലഹരിമോചന ചികിത്സയും കൗൺസിലിംഗും നടത്തിയത്. 157 പേരെ കിടത്തി ചികിത്സിച്ച് ലഹരിയിൽ നിന്നും മോചിപ്പിച്ചു. 38 എൻഡിപിഎസ് കേസുകളിൽ 21 വയസ്സിൽ താഴെ പ്രായമുള്ള 44 പേരെ പിടികൂടി. ഇതിൽ 36 പേർക്ക് ഡി അഡിക്ഷൻ കേന്ദ്രങ്ങളിൽ കൗൺസിലിംഗ് നിർദേശിക്കു കയും തുടർചികിത്സ ഏർപ്പാടാക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.
വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലും വിമുക്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എല്ലാമാസവും വാർഡുതല കമ്മിറ്റികൾ ചേരുന്നുണ്ട്. നിർദ്ദേശങ്ങളിലും പരാതികളിലും ഉചിതമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി 65 പേർക്ക് വിമുക്തി ലഹരിമോചന ചികിത്സയും കൗൺസിലിങ്ങും ലഭ്യമാക്കി.
സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികളിൽ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ന്യൂ ഇയർ ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരവും ആര്യനാട് റെയിഞ്ചിന്റെ നേതൃത്വത്തിൽ പ്രാദേശിക ക്ലബ്ബുകളെ ഉൾപ്പെടുത്തി ക്രിക്കറ്റ് മത്സരവും ജനുവരിയിൽ സംഘടിപ്പിച്ചു. ആദിവാസി മേഖലകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.