ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും

123

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയിൽ പാവപ്പെട്ടവർക്കായി 1.51 ലക്ഷം വീടുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാകുമെന്നും ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു.വി ജോസ് വ്യക്തമാക്കി. സംസ്ഥാനതലത്തിൽ രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുന്നോടിയായി ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണം പൂർത്തിയായ ഗുണഭോക്താക്കളുടെ കുടുംബ സംഗമ വും അദാലത്തും ബ്ലോക്ക്- നഗരസഭാ- കോർപറേഷൻ തലങ്ങളിലും ജില്ലാ തലത്തിലും നടത്താൻ സർക്കാർ തീരുമാനി ച്ചിട്ടുണ്ട്. ഡിസംബർ 15 മുതൽ ജനുവരി 15 വരെ കാലയളവിലാണ് ബ്ലോക്ക്- ജില്ലാതല സംഗമങ്ങൾ നടത്തുക. ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന- കേന്ദ്ര സർക്കാറുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനാണ് കുടുംബ സംഗമത്തോടൊപ്പം 20 ഓളം വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി അദാലത്തു കളും സംഘടിപ്പിക്കുന്നതെന്ന് യു.വി ജോസ് പറഞ്ഞു.

കുടുംബ സംഗമങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കോഴി ക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ മേഖലാതല യോഗത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി നിർമ്മാണം മുടങ്ങി കിടന്നിരുന്ന വീടുകളുടെ പൂർത്തീകരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർവ്വഹിച്ചത്. ഇവയിൽ 96 ശതമാനം ഇപ്പോൾ പൂർത്തിയായി. ജനുവരിയോടെ 98 ശതമാനമാകും. ഗുണഭോക്താ ക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് അവശേഷിക്കുന്ന രണ്ട് ശതമാനം പൂർത്തിയാക്കാൻ തടസ്സമായി നിൽക്കുന്നത്. രണ്ടാംഘട്ടത്തിൽ ആരംഭിച്ച പുതിയ വീടുകളിൽ 60 ശതമാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. 80 ശതമാനം ഉടനെ ആകും.

ഭവന രഹിതർക്ക് വീട് മാത്രം വെച്ചു കൊടുക്കുകയല്ല അവർക്ക് എല്ലാ അർഥത്തിലും ജീവിതം ലഭ്യമാക്കുകയാണ് ലൈഫ് മിഷൻ കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സി.ഇ.ഒ പറഞ്ഞു. ഇതിനാണ് വിവിധ വകുപ്പുകളിൽ നിന്ന് അവർക്കു ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കുടുംബ സംഗമങ്ങളും അദാലത്തുകളും സംഘടിപ്പക്കുന്നത്.

സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലൈഫ് ഗുണഭോക്താക്കൾക്ക് കൂടി ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താൻ വിവര- പൊതുജന സമ്പർക്ക വകുപ്പിനെ കൂടി ലൈഫ് മിഷന്റെ പങ്കാളിയാക്കിയിട്ടുണ്ട്. വിവര- പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രിസം പദ്ധതി പ്രകാരമുള്ള ബ്ലോക്ക് തല ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ സേവനം കൂടി ഈരംഗത്ത് പ്രയോജനപ്പെടുത്തുമെന്ന് പി.ആർ.ഡി ഡയറക്ടർ കൂടിയായ യു.വി ജോസ് പറഞ്ഞു.

സമൂഹത്തിൽ ഏറ്റവും സഹായം ആവശ്യമുള്ളവരാണ് ലൈഫ് ഗുണഭോക്താക്കളെന്നും അത്തരക്കാർക്ക് നേരിട്ട് സഹായമെത്തിക്കാനുള്ള അവസരം ഔദ്യോഗിക പരിവേഷങ്ങൾക്കപ്പുറം താത്പര്യത്തോടെ ഏറ്റെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് ബ്ലോക്ക്-നഗരസഭാ- കോർപറേഷൻ തലങ്ങളിൽ നടക്കുന്ന അദാലത്തിൽ ഐ.ടി, ലീഡ് ബാങ്ക്, സിവിൽ സപ്ലൈസ്, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വ്യവസായം, ഫഷറീസ്, ക്ഷീര വികസനം, കൃഷി, പഞ്ചായത്ത്, ഗ്രാമവികസനം, പട്ടികജാതി- പട്ടിക വർഗ വികസനം, ആരോഗ്യം, സാമൂഹിക നീതി, വനിതാ ശിശു വികസനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളാണ് സജ്ജീകരിക്കുക.

ഓരോ വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ നേരിട്ട് ലഭ്യമാകു ന്നതിന് സൗകര്യമുണ്ടാകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഇതോടനുബന്ധിച്ച് നടത്തും.കോഴിക്കോട് കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ ലൈഫ് മിഷൻ ഡെപ്യൂട്ടി സി.ഇ.ഒ സാബു കുട്ടൻ, കോഴിക്കോട് എ.ഡി.എം റോഷ്‌നി നാരായണൻ, അസിസ്റ്റന്റ് കലക്ടർ മേഘശ്രീ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർമാരായ ജോർജ്ജ് ജോസഫ് (കോഴിക്കോട്), സിബി വർഗീസ് (വയനാട്), അനിൽ കെ.എൻ (കണ്ണൂർ), വിൽസൺ (കാസർഗോഡ്), നാല് ജില്ലകളിൽ നിന്നുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS