കാസർകോട്: സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ വിവിധ വിഭാഗങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 8605 വീടുകള്‍. തല ചായ്ക്കാന്‍ ഒരു വീട് എന്ന വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ചിരകാല സ്വപ്‌നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂര്‍ത്തീകരണ ശതമാനം 87.02. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ച് നടന്ന ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനതലത്തില്‍ 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് നടന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. മന്ത്രിമാരായ ഇ. ചന്ദ്രേശഖരന്‍, ഡോ ടി എം തോമസ് ഐസക്, കെ കെ ശൈലജ ടീച്ചര്‍, എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, എം എം മണി, ജെ മേഴ്‌സിക്കുട്ടി യമ്മ, ടി പി രാമകൃഷ്ണന്‍, ശശി തരൂര്‍ എം പി, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
ഒന്നാംഘട്ടത്തില്‍ 2874 വീടുകള്‍ പൂര്‍ത്തിയായി
ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്തത് നാളിതുവരെ വിവിധ പദ്ധതികളിലായി പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണമാണ്. ഇതില്‍ ജില്ലയില്‍ 2921 വീടുകളില്‍ 2874 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു-98.39 ശതമാനം. ബ്ലോക്ക് പഞ്ചായത്തില്‍ 1500ല്‍ 1486 വീടുകളുടെ നിര്‍മ്മാണവും മുനിസിപ്പാലിറ്റിയില്‍ 147ല്‍ മുഴുവന്‍ വീടുകളും പൂര്‍ത്തീകരിച്ചു.
പട്ടികജാതി വകുപ്പ് 56 വീടുകളില്‍ മുഴുവനും പൂര്‍ത്തീകരിച്ചു. ഫിഷറീസ ് വകുപ്പ് 42 വീടുകളില്‍ 37 വീടുകളുടെ നിര്‍മ്മാണവും പട്ടികവര്‍ഗ വകുപ്പ് 636 വീടുകളില്‍ 618 വീടുകളുടെ നിര്‍മ്മാണവും ന്യൂനപക്ഷക്ഷേ വകുപ്പ് 10 വീടുകളില്‍ 6 വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. ജില്ലാ പഞ്ചായത്ത് 51 വീടുകളില്‍ മുഴുവനായും ഗ്രാമപഞ്ചായത്ത് 479 വീടുകളില്‍ 473 വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ 47 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുണ്ട്.
രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയായത് 3245 വീടുകള്‍
ലൈഫ് മിഷന്റെ രണ്ടാം ഘട്ടം ഭൂമിയുള്ള ഭവന രഹിതര്‍ക്ക് വീടുകള്‍ നല്‍കുന്നതാണ്. രണ്ടാം ഘട്ടത്തില്‍ 3894 ഗുണഭോക്താക്കളാണ് അര്‍ഹര്‍. അതില്‍ 3729 പേര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടി ട്ടുണ്ട്. 3245 ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്-87.02 ശതമാനം. പുതുതായി കരാറിലേര്‍പ്പെട്ട 146 ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. 338 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുന്നു.
മൂന്നാംഘട്ടത്തില്‍ 674 ഗുണഭോക്താക്കള്‍
ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് സര്‍ക്കാര്‍ ധനസഹായത്തോടെയോ, സ്വന്തമായോ ഭൂമി ലഭ്യമായ 674 പേരാണുള്ളത്. ഇതില്‍ 560 പേര്‍ ഗ്രാമപഞ്ചായത്തുകളുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇതില്‍ 52 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പുതുതായി കരാറിലേര്‍പ്പെട്ട 143 പേരുടെ വീട് നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. 365 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
ലൈഫ്-പി.എം.എ.വൈ റൂറലില്‍ കരാര്‍ വെച്ച 583 ഗുണഭോക്താക്കളില്‍ 571 പേരുടെ വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈഫ്-പി.എം.എ.വൈ അര്‍ബനില്‍ അര്‍ഹരായ 1820 പേരില്‍ 1611 പേര്‍ കരാറില്‍ ഏര്‍പ്പെട്ടു. ഇതില്‍ 1378 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
എസ്.സി, എസ്.ടി, ഫിഷറീസ് വകുപ്പ് മുഖേന യഥാക്രമം 399, 16, 70 വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ മൂന്ന് വകുപ്പുകളിലും 100 ശതമാനം വീടുകളും പൂര്‍ത്തിയായി.
നീലേശ്വരം നഗരസഭയില്‍ ലൈഫില്‍ ഒരുങ്ങിയത് 405 വീടുകള്‍
നീലേശ്വരം നഗരസഭയിലെ ലൈഫ് മിഷന്‍-പി എം എ വൈ പദ്ധതിയുടെ തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും അദാലത്തും എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 354 ഗുണഭോക്താക്കള്‍ പങ്കെടുത്തു. 595 വീടുകള്‍ അനുവദിച്ചതില്‍ 405 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോലുകള്‍ കൈമാറി. 190 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അദാലത്തില്‍ 20 അപേക്ഷകള്‍ പുതുതായി ലഭിച്ചു.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത അധ്യക്ഷയായി. സെക്രട്ടറി സി കെ ശിവജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷരായ വി ഗൗരി, ടി പി ലത, കെ വി രവീന്ദ്രന്‍, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, പി സുഭാഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി ബിന്ദു, പി ഭാര്‍ഗ്ഗവി, ഇ ഷജീര്‍, റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി അബൂബക്കര്‍, കക്ഷിനേതാക്കളായ കെ ബാലകൃഷ്ണന്‍, എം രാധാകൃഷ്ണന്‍, പി വിജയകുമാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ഇബ്രാഹിം പറമ്പത്ത്, ജോണ്‍ ഐമണ്‍, കൈപ്രത്ത് കൃഷണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, എം ജെ ജോയ്, നിര്‍വഹണ ഉദ്യോഗസ്ഥന്‍ കെ പ്രമോദ് എന്നിവര്‍ സംസാരിച്ചു.