പാലക്കാട് : ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരമാണ് സര്‍ക്കാരിന്റെ നാല് മിഷനുകളില്‍ ഒന്നായ ലൈഫ് വഴി നടപ്പാവുന്നതെന്ന് എം.എല്‍.എ പറഞ്ഞു. 1957 ല്‍ കുടിയിറക്കാനോ ഭൂമി ഒഴിപ്പിക്കാനോ പാടില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് സ്വന്തമായി ഭൂമിയില്ലാതിരുന്നവര്‍ ഭൂമിയുടെ ഉടമകളായി മാറുന്ന സന്ദര്‍ഭത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി ലൈഫ് മിഷന്‍ പദ്ധതി മുഖേന 709 വീടുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ നൂറുശതമാനവും പൂര്‍ത്തീകരിച്ച ആദ്യ ബ്ലോക്ക് പഞ്ചായത്താണ് ഒറ്റപ്പാലം. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
അദാലത്തില്‍ ഗുണഭോക്താക്കള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനം ലഭ്യമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, സിവില്‍ സപ്ലൈസ്, ഗ്യാസ് ഏജന്‍സികള്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തൊഴില്‍ വകുപ്പ്, തൊഴിലുറപ്പ്, വ്യവസായ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഗ്രാമവികസന വകുപ്പ്, പട്ടികജാതി വകുപ്പ്, ആരോഗ്യം, സാമൂഹ്യനീതി, റവന്യൂ വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സേവനമാണ് ലഭ്യമായത്.
പരിപാടിയോടനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പ് മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു. കൂടാതെ കുടുബശ്രീയുടെ സാന്ത്വനം പദ്ധതിയിലൂടെ ആരോഗ്യ പരിശോധന, ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ വിപണനം, വനിതാ ശിശു വികസന വകുപ്പ് കുട്ടികള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനവും നടന്നു.
ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്.ശിവരാമന്‍ അധ്യക്ഷനായി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഭവനം) എസ്. ശ്രീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.പി സുമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.