കാസറഗോഡ് : ഭൂരഹിതരായ ഭവനരഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ പൈലറ്റ് പ്രൊജക്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചട്ടഞ്ചാലിലാണ് ലൈഫ് മിഷന്റെ ജില്ലയിലെ ആദ്യത്തെ ഫ്ളാറ്റ് സമുച്ചയം ഒരുങ്ങുന്നത്. 6.49 കോടി രൂപയുടെ പദ്ധതി 2021 ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം വത്സന്‍ പറഞ്ഞു.
തെക്കില്‍ വില്ലേജില്‍ കണ്ടെത്തിയ ഒരു ഏക്കര്‍ ഭൂമിയില്‍ 50 സെന്റില്‍ നാല് നില ഫ്ളാറ്റാണ് നിര്‍മിക്കുന്നത്. കോവിഡ് നിര്‍വ്യാപനത്തിനായുള്ള നിയന്ത്രണങ്ങള്‍ പാലിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. ഈ മേഖലയില്‍ കണ്ടെന്‍മെന്റ് സോണുകളുള്ളതിനാലാണ് പ്രവര്‍ത്തനം വൈകുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് വേണ്ടി ചെമ്മനാട് ഗ്രാമപഞ്ചായത്താണ് സ്ഥലം വിട്ടു നല്‍കിയത്.
തൃശൂര്‍ ഡിസ്ടിക്ട് ലേബര്‍ കോണ്‍ട്രാക്ട് സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. അവശ്യ സൗകര്യങ്ങളോടെ 44 കുടുംബങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ സാധിക്കും.
മൂന്നാം ഘട്ടത്തില്‍ 2579 പേര്‍
ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വേണ്ടിയുള്ള ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തിലേക്കുള്ള പട്ടികയില്‍ ജില്ലയില്‍ 2579 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഇത് വരെ 2886 വീടുകളാണ് കൈമാറിയത്. രണ്ടാം ഘട്ടത്തില്‍ 2891 വീടുകള്‍ കൈമാറി. പിഎംഎവൈ റൂറല്‍ വിഭാഗത്തില്‍ 568 ഉം പിഎംഎവൈ അര്‍ബനില്‍ 1165 ഉം എസ് സി വകുപ്പ് 399 ഉം എസ് ടി വകുപ്പ് 16 ഉം ഫിഷറീസ് വകുപ്പ് 70 വീടുകളുമാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് അന്തിയുറങ്ങാന്‍ ഒരിടമെന്നതിനപ്പുറം ഗുണഭോക്താക്കളെ ഉപജീവനമടക്കമുള്ള എല്ലാ സാമൂഹിക പ്രക്രിയകളിലും പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. കേവലം വീട് നല്‍കി കൈയൊഴിയാതെ ഗുണഭോക്താക്കള്‍ക്ക് എല്ലാവിധ തുടര്‍സേവനങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്.