തിരുവനന്തപുരം : ലൈഫ് മിഷൻ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ രണ്ടുലക്ഷം വീടുകൾ പൂർത്തീകരണത്തിലേക്ക്. ഈ മാസം അവസാനം മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും.ലൈഫ് മിഷൻ വഴി വീടുലഭിച്ചവരുടെ കുടുംബസംഗമങ്ങൾ ജില്ലകളിൽ നടന്നുവരികയാണ്. 220 കുടുംബസംഗമങ്ങൾ ഇതുവരെ പൂർത്തിയായി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജില്ലാ സംഗമങ്ങൾ നടന്നത്.
മറ്റു ജില്ലകളിൽ 25ഓടെ പൂർത്തിയാവും. മെച്ചപ്പെട്ട ജീവിതം നയിക്കാനും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരാനും സഹായമാകുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തുടനീളം ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്. സർക്കാർ വകുപ്പുകളുടെ സേവനം ഒരു കുടക്കീഴിൽ ലഭ്യമാക്കി സംഘടിപ്പിക്കുന്ന അദാലത്ത് ഗുണഭോക്താക്കൾക്ക് മുന്നോട്ടുള്ള ജീവിതഗതി നിർണ്ണയിക്കാൻ സഹായകരമാണ്.
20 സർക്കാർ വകുപ്പുകളുടെ സേവനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
വീടിന്റെ പട്ടയത്തിനുള്ള അപേക്ഷ, ആധാർ കാർഡ്, റേഷൻ കാർഡ് പോലെയുള്ള അടിയന്തര രേഖകൾക്കുള്ള അപേക്ഷകൾ, തൊഴിൽ പരിശീലനത്തിനും സ്വയം തൊഴിൽ സംരംഭങ്ങൾക്കുമുള്ള വിവരങ്ങളും പിന്തുണയും, ആവശ്യക്കാർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ 90 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കൽ, വിവിധതരം കൃഷികൾ, വ്യവസായ സംരംഭങ്ങൾ എന്നിവ പരിചയപ്പെടുത്തൽ, കുടുംബശ്രീ സേവനങ്ങൾ, ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള സേവനങ്ങൾ, വിവിധ പെൻഷൻ പദ്ധതി സേവനങ്ങൾ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ കുടുംബസംഗമത്തിന് സാധിച്ചു.
വകുപ്പുകളുടെ സ്റ്റാളുകളിൽ സേവനം ആവശ്യപ്പെട്ടെത്തിയവരിൽ ഭൂരിഭാഗം പേർക്കും ഉടൻതന്നെ പരിഹാരം ലഭിച്ചു. പരിഹരിക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടായവ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകി. പെൻഷൻ അപേക്ഷകൾ, പദ്ധതികളിൽ അംഗമാകൽ തുടങ്ങി ഭൂരിഭാഗം അപേക്ഷകളും അദാലത്തിൽ തന്നെ പരി ഹരിച്ചു. തൊഴിൽ പരിശീലനം, സ്വയം തൊഴിൽ സഹായങ്ങൾ എന്നിവയ്ക്കുള്ള നടപടികളും സ്വീകരിച്ചു.
സൗജന്യ ഹെൽത്ത് ചെക്കപ്പുകളുടെ സേവനം ഉപയോഗിച്ചവരുടെ എണ്ണം നിരവധിയായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ തനതു ഫണ്ടിൽ നിന്ന് കുറഞ്ഞ ചെലവിൽ സുതാര്യമായ രീതിയിലാണ് ഇവ സംഘടിപ്പിച്ച് വരുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിലും സാന്നിധ്യത്തിലുമാണ് കുടുംബസംഗമവും തുടർന്നുള്ള അദാലത്തും നടക്കുന്നത്. കണ്ണൂർ ജില്ലാതല സംഗമം ഇന്നലെ (22) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.