കാസറഗോഡ് : സബീനക്ക് ദുരിതക്കയത്തില്‍ തുണയായി ലൈഫ്മിഷന്‍ വീട് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ അഞ്ചംഗ കുടുംബത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്നമാണ് പൂവണിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ -കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജനില്‍ നിന്ന് സബീന ലൈഫ് മിഷന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ സബീനയുടെ രണ്ട് കണ്ണുകളും നിറഞ്ഞ് തുളുമ്പിയിരുന്നു. മൂന്ന് മക്കളെയും നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഷെഡില്‍ കഴിഞ്ഞിരുന്ന സബീനയ്ക്ക് അത് സ്വപ്ന സാക്ഷാത്കരത്തിന്റെ നിമിഷം കൂടിയായിരുന്നു.
നെല്ലിയടുക്കം സ്വദേശിയായ സബീന ബീഡി തൊഴിലാളിയാണ്. ഭര്‍ത്താവ് മുഹമ്മദ് ഷെരീഫും മൂന്ന് മക്കളും അടങ്ങുന്നതാണ് സബീനയുടെ കുടുംബം. മുഹമ്മദ് ഷെരീഫ് ഹൃദ് രോഗി ആയതിനാല്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. മൂത്ത മകന്‍ ഇര്‍ഷാദ് ചായ്യോത്ത് ജി എച്ച് എസ് എസ്ില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും എട്ട് വയസുകാരി മകള്‍ അസീഫ കീഴ്മാല എ എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. ഇളയ മകള്‍ ഷിദയ്ക്ക് നാലര വയസ്സായി.
സബീനയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്. നെല്ലിയടുക്കത്ത് സബീനയുടെ ഉപ്പ കൊടുത്ത 10 സെന്റ് ഭൂമിയിലെ ഷെഡിലായിരുന്നു ഇവരുടെ താമസം. ആയിടക്കാണ് ലൈഫ്മിഷന്‍ പദ്ധതി പ്രകാരം ഭവന രഹിതരെ കണ്ടെത്തുന്നതിന് പഞ്ചായത്തില്‍ സര്‍വ്വെ നടത്തിയത്. ഈ സര്‍വ്വെയില്‍ സബീന തിരഞ്ഞെടുക്കപ്പെട്ടു. 400 സ്‌ക്വയര്‍ ഫീറ്റിലായി പണിത വീടിന് ലൈഫ് മിഷന്റെ മൂന്ന് ലക്ഷം രൂപ ഫണ്ട് ഉള്‍പ്പെടെ നാല് ലക്ഷം രൂപയാണ് ചിലവഴിച്ചത്. രണ്ട് ബെഡ് റൂം, അടുക്കള, ഹാള്‍, ടോയലറ്റ് എന്നിവ അടങ്ങുന്നതാണ് വീട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അടച്ചുറപ്പുളള വീട്ടില്‍ താമസിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സബീന ഇപ്പോള്‍.