പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം

20

നവംബർ ഒന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ പൂർണ്ണമായി ഓൺലൈൻ റിസർവ്വേഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തി. ജനങ്ങൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ റസ്റ്റ് ഹൗസുകളെ സജ്ജമാക്കണമെന്ന നിർദ്ദേശം നടപ്പിലായോ എന്ന് പരിശോധിക്കാനാണ് മന്ത്രി തലസ്ഥാനത്തെ റസ്റ്റ് ഹൗസിൽ പരിശോധനക്ക് എത്തിയത്. റസ്റ്റ് ഹൗസുകളുടേയും റൂമുകളുടേയും പരിസരങ്ങളുടേയും വൃത്തി, അടുക്കള സൗകര്യം എന്നിവ വിശദമായി മന്ത്രി നോക്കികണ്ടു.

റസ്റ്റ് ഹൗസിലെ നിലവിലെ സൗകര്യങ്ങളിൽ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ നിർദ്ദേശം പ്രാവർത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി സന്ദർശന സ്ഥലത്തു വച്ചു തന്നെ ബിൽഡിംഗ് ചീഫ് എഞ്ചിനിയർക്ക് നിർദ്ദേശം നൽകി. ഇത് ഒരു നിലയിലും പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന പ്രവണത അല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകളിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാൻ പോവുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ജനങ്ങളുടേയും പിന്തുണയോടെയാണ് സൗകര്യം ഒരുക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാൽ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല അതിനെ വച്ചു പൊറുപ്പിക്കാതെ ശക്തമായ നിലപാട് എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശുചിത്വം ഉറപ്പു വരുത്താൻ നേരത്തെ നിർദ്ദേശം നൽകിയതാണ്. എന്നാൽ തെറ്റായ പ്രചരണം നടത്തി സർക്കാർ എടുക്കുന്ന നല്ല സമീപനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതി ഒരിക്കലും അംഗീകരിക്കില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.

NO COMMENTS