തിരുവനന്തപുരം : ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകളുടെ വിലക്ക് നീങ്ങി. എന്‍എച്ച് 66ന് ദേശീയപാത പദവിയില്ലെന്ന് കാട്ടി ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്‌സൈസിനോട് നിര്‍ദേശിച്ചു. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ ഏകദേശം 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലാണ് മദ്യശാലകള്‍ വീണ്ടും തുറക്കുക. ഈ പ്രദേശത്തെ റോഡിന് ദേശീയപാത പദവിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ബാറുടമകള്‍ ഹൈക്കോടതിയുടെ അനുകൂല വിധി നേടി. 2014 മാര്‍ച്ച് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതയുടെ പദവിയില്‍ നിന്ന് ഈ പ്രദേശത്തെ ഒഴിവാക്കിയിരുന്നു. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗം മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിയിട്ടില്ലെന്നതായിരുന്നു കാരണം. എന്നാല്‍ ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശിച്ചപ്പോള്‍ ഈ റോഡിന്റെ വശത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും അടപ്പിച്ചിരുന്നു.