തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയ പരിസരങ്ങളില്‍നിന്നു ലഹരി വസ്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അടുത്ത ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ലഹരിയുടെ ഒരു തന്മാത്രപോലും ശരീരത്തിലേക്കു കടക്കാന്‍ സംസ്ഥാനത്തെ ഒരു വിദ്യാര്‍ഥിയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും അനുമോദിക്കാന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന നിലയിലേക്ക് മനസിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. ലഹരിയുടെ ഉപയോഗമാണ് വളര്‍ന്നുവരുന്ന തലമുറ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ലഹരി വസ്തുക്കളില്‍നിന്നു പൂര്‍ണമായി അകന്നു നില്‍ക്കുമെന്ന് ഓരോ വിദ്യാര്‍ഥിയും പ്രതിജ്ഞയെടുക്കണം. പഠനത്തില്‍ മാത്രമല്ല ജീവിത മൂല്യങ്ങളിലും എ പ്ലസ് നേടുമ്പോഴാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സാര്‍ഥകമാകുന്നത്. നല്ല രീതിയില്‍ ജിവിക്കാന്‍ പഠിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കാനുള്ള അറിവ് നേടുന്നതിനോടൊപ്പം സമൂഹത്തോടുള്ള കടമ നിറവേറ്റുക എന്ന ഉത്തരവാദിത്തം കൂടി ഭാവി തലമുറയ്ക്കുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. അക്കാദമികമായി ലഭിക്കുന്ന അറിവുകള്‍ക്കൊപ്പം പൊതുസമൂഹത്തോടുള്ള കടമ നിര്‍വഹിക്കണമെന്ന ബോധം വിദ്യാര്‍ഥികളില്‍ വളര്‍ന്നുവരണം. വിദ്യാഭ്യാസത്തിനു ശേഷം തൊഴില്‍ രംഗത്തേക്കു കടന്നുവരുമ്പോഴും സമൂഹത്തോടുള്ള ഉത്തരവാദിത്തം വിദ്യാര്‍ഥകള്‍ മറക്കരുതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2018 – 19 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 3500 വിദ്യാര്‍ഥികളേയും നൂറു മേനി വിജയം കൈവരിച്ച 60 സ്‌കൂളുകളേയും ചടങ്ങില്‍ അനുമോദിച്ചു.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ബി.പി. മുരളി, എസ്.കെ. പ്രീജ, ഡോ. സി.എസ്. ഗീതാ രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനാട് ജയന്‍, വി. ലതാകുമാരി, കൗണ്‍സിലര്‍ അയിഷ ബേക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ. ദേവദാസന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എസ്. നാരായണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.