തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ മദ്യനയം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് എക്സൈസ്മന്ത്രി ടി.പി രാമകൃഷ്ണന്‍. ടൂറിസം മേഖലയിലെ തിരിച്ചടി കൂടി പരിഗണിച്ചായിരിക്കും മദ്യനയം പ്രഖ്യാപിക്കുക. മദ്യനയം സംബന്ധിച്ച് എല്‍.ഡി.എഫില്‍ തര്‍ക്കമോ അവ്യക്തതയോ ഇല്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. അതേസമയം, സന്പൂര്‍ണ്ണ മദ്യ നിരോധനമാണോ സര്‍ക്കാര്‍ നയമെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. നിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍.ഡി.എഫ് നയം. സമഗ്ര മദ്യനയമായിരിക്കും എല്‍.ഡി.എഫ് കൊണ്ടുവരിക. ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ചര്‍ച്ച ചെയ്തായിരിക്കും നയം രുപകരിക്കുക. യു.ഡി.എഫിന്‍റേതു പോലെയായിരിക്കില്ല എല്‍.ഡി.എഫിന്‍റെ മദ്യനയമെന്നും മന്ത്രി പറഞ്ഞു. മദ്യനിരോധനം ടൂറിസം മേഖലയില്‍ വലിയ തിരിച്ചടി നല്‍കിയെന്ന് ആക്ഷേപം ഉയരുന്ന സാഹച ര്യത്തിലാണ് ടൂറിസം മേഖലയെ കൂടി പരിഗണിച്ച് മദ്യനയം കൊണ്ടുവരികയെന്ന് മന്ത്രി വ്യക്തമാക്കിയത്. ടൂറിസം മേഖലയ്ക്ക് ഇളവ് കൊണ്ടുവരാനുളള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.