തിരുവനന്തപുരം • മദ്യ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുകയാണെങ്കില്‍ അതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ടി വരുമെന്നു ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്. ബാറുകള്‍ തുറക്കുകയാണെങ്കില്‍ സഭയ്ക്ക് അതിനെതിരെ നീങ്ങേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനിരോധനവും മദ്യവര്‍ജനവും ഒരേ പോലെ കൊണ്ടു പോകണമെന്നതാണ് സഭയുടെ നിലപാട്. അന്നും ഇന്നും എന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു. സമൂഹത്തെ കാര്‍ന്നു തിന്നുന്ന വിപത്താണ് മദ്യം. അതിനെ പ്രതിരോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നീക്കം സഭ നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്യുകയാണ്. അതിനു ശേഷം പ്രതികരിക്കും. സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്താന്‍ സമയം ആയിട്ടില്ല. അതിന് അല്‍പ്പം കൂടി സമയവും സാവകാശവും വേണമെന്നും ബിഷപ് പറഞ്ഞു. അതേസമയം, പുതിയ മദ്യനയം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.