ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഇന്നും നാളെയും ( ജൂലൈ 16, 17 )

16

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുിലെ അംഗങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ജില്ലാസഹവാസ ക്യാമ്പ് 14 ജില്ലകളിലും ജൂലൈ 16, 17 തിയതികളിൽ നടക്കും. മൊബൈൽ ആപ്പ്, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി. (ഇന്റർനെറ്റ് ഓഫ് തിങ്‌സ്) ഉപകരണങ്ങൾ, ത്രിഡി കാരക്ടർ മോഡലിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയിലെ പരിശീലനമാണ് ക്യാമ്പിൽ പങ്കെടു ക്കുന്ന വിദ്യാർഥികൾക്ക് നൽകുന്നത്. കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 14000 പേരിൽ നിന്നും പ്രോഗ്രാമിങ്, ത്രിഡി അനിമേഷൻ വിഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് ജില്ലാക്യാമ്പുകളിൽ പങ്കെടുക്കുന്നത്.

സ്വതന്ത്ര ത്രിഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച്, ത്രിഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് (ഡൈനിങ് ടേബിൾ, ഗ്ലാസ്, കപ്പ്, സോസർ, ഫ്രൂട്ട് ബാസ്‌ക്കറ്റ്, ഡൈനിങ് ഹാൾ മുതലായ ത്രിഡി മോഡലുകളുടെ നിർമ്മാണം), ത്രീഡി കാരക്ടർ അനിമേഷൻ എന്നിവയാണ് അനിമേഷൻ മേഖലയിലെ വിദ്യാർഥികൾക്കുള്ള പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ തന്നെ കാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയാറാക്കുകയാണ് ചെയ്യുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഞായറാഴ്ച 03.30 ന് തിരുവനന്തപുരം ജില്ലയിലെ ക്യാമ്പായ കോട്ടൺഹിൽ സ്‌കൂൾ സന്ദർശിച്ച് പതിനാല് ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും.

വിദ്യാർഥികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ജൂലൈ 17, ഞായറാഴ്ച വൈകിട്ട് 3.00 മണിയ്ക്ക് പതിനാല് ജില്ലാ ക്യാമ്പു കളിലും ഒരുക്കിയിട്ടുണ്ട്. ഇത് കാണുന്നതിന് പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ കൈറ്റ് വെബ് സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാണ്.

NO COMMENTS