ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ കമാന്‍ഡോ ഓപ്പറേഷനെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുവാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്താന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനം രൂപപ്പെട്ടതെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്.പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ചു കൊണ്ടാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
കമാന്‍ഡോ ഓപ്പറേഷന്‍ നടത്തിയ വിവരം ഇന്ത്യ പുറത്തുവിട്ടതിനെ തുടര്‍ന്ന് യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. ഞായറാഴ്ച രാത്രി ബാരാമുള്ളയിലുണ്ടായ ചാവേറാക്രമണത്തോടെ അതിര്‍ത്തിയിലെ സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമായിട്ടുണ്ട്.