തിരുവനപുരം: ലോക്ക് ഡൗണില്‍ കോയമ്ബത്തൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഭക്ഷണസാധനങ്ങളെല്ലാം തീര്‍ന്നതിനെ തുടര്‍ന്ന് സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കരുതി വിളിച്ചത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ.
വിദ്യാര്‍ഥിനികളുടെ ആവശ്യം കേട്ടറിഞ്ഞ ഉമ്മന്‍ചാണ്ടി വൈകിട്ട് അഞ്ചിന് ഒരാള്‍ വിളിക്കുമെന്ന് പറഞ്ഞു. വൈകുന്നേരം വിളിച്ചയാള്‍ കുട്ടികളുടെ ആവശ്യങ്ങളെല്ലാം കേട്ടറിഞ്ഞു. ഇവര്‍ക്ക് ഒരുമാസത്തേക്ക് വേണ്ട ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഇവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു നല്കി.കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒപ്ടോമെട്രി പരിശീലനത്തിന് എത്തിയ എടപ്പാള്‍, അരിക്കോട്, തിരൂര്‍, തൃപ്രങ്ങോട്, വൈരങ്കോട് സ്വദേശിനികളായ സജ്ന, മുഹ്സിന, ശാമിലി, മുഫീദ, അമൃത, മുഹ്സിന എന്നീ വിദ്യാര്‍ഥിനികളാണ് ലോക്ക് ഡൗണില്‍ ഹോസ്റ്റലില്‍ കുടുങ്ങിയത്.
മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച് നാട്ടിലെത്താനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്ന് പറഞ്ഞ് നല്കിയ ഫോണ്‍ നമ്ബരില്‍ വിളിച്ച ഇവര്‍ക്ക് ലഭിച്ചത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയായിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച ഉമ്മന്‍ ചാണ്ടി, നാട്ടിലെത്തിക്കുവാനുള്ള സഹായങ്ങള്‍ ചെയ്ത് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.