ലോക് ഡൗൺ – ഇൻസുലിൻ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും

107

തിരുവനന്തപുരം : ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് മിഠായി പദ്ധതിയിലൂടെ നൽകുന്ന ഇൻസുലിൻ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

നിലവിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ അഞ്ച് ഗവ. മെഡിക്കൽ കോളേജുകൾ മുഖേനെയാണ് മിഠായി പദ്ധതിയിൽ ഉൾപ്പെടുന്ന ടൈപ്പ് വൺ പ്രമേഹ ബാധിതർക്ക് ഇൻസുലിനും മറ്റ് ചികിത്സാ ഉപകരണങ്ങളും നൽകി വരുന്നത്.

കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ക്ലിനിക്കുകളിൽ വരുന്നതിനും മരുന്ന് വാങ്ങുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിന് സജ്ജീകരണങ്ങൾ കേരള സാമൂഹ്യ സുരക്ഷ മിഷൻ തയ്യാറാക്കിയിട്ടുണ്ട്.

തൃശൂർ, പാലക്കാട് ജില്ലകളിൽ അതാത് ഡി.എം.ഒ.മാരുടെ സഹായത്തോടെ പി.എച്ച്.സികൾ വഴി കുട്ടികൾക്ക് മരുന്നുകൾ നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കുട്ടികൾക്ക് പരിയാരം മെഡിക്കൽ കോളേജ് മുഖേനെയും മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി വഴിയും മരുന്നുകൾ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ സാമൂഹ്യ സുരക്ഷ മിഷൻ ജീവനക്കാർ, മിഠായി നോഡൽ ഓഫീസർമാർ, നഴ്സുമാർ, രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് കുട്ടികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. ബന്ധപ്പെടേണ്ട നമ്പർ 7907168707.

NO COMMENTS