ലോക്ക്ഡൗണ്‍, ഐസൊലേഷന്‍ – മാനസികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്‍ട്രോള്‍റൂം സജ്ജം

81

ആലപ്പുഴ : കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലെ ഐസൊലേഷനും ലോക്ക് ഡൗണും വ്യക്തികളിലുണ്ടാക്കാവുന്ന മാനസികപ്രശ്‌നങ്ങള്‍ വലുതാണ്. ഇവ പരിഹരിക്കാനും നിരീക്ഷിക്കാനുമായി ജില്ല മാനസികാരോഗ്യപദ്ധതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍ നിന്ന് ദിവസവും 2500 മുതല്‍ മൂവായിരം പേരെ നേരിട്ട് ബന്ധപ്പെടുന്നുണ്ട്.

ഐസൊലേഷനിലുള്ളവരുടെ മാനസികാരോഗ്യനിരീക്ഷണത്തിനു പുറമെ, ലോക്ക്ഡൗണ്‍ കാരണം മദ്യം ലഭിക്കാത്തതിനാല്‍ മാനസികപ്രശ്‌നങ്ങളുണ്ടാകുന്നവര്‍ക്കും ഇവരുടെ ബന്ധുക്കള്‍ക്കും വേണ്ട ചികിത്സാസഹായവും കണ്‍ട്രോള്‍ റൂം നമ്പറായ 9400 415727ല്‍ നിന്ന് ലഭിക്കും.

മദ്യം ലഭിക്കാത്തതുമൂലം പലരും പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കും. തുടക്കത്തില്‍ തന്നെ കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടുകയോ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടുകയോ ചെയ്ത് ഉടന്‍ പരിഹാരം തേടാവുന്നതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളാണെന്ന് പലപ്പോഴും കുടുംബാംഗങ്ങള്‍ തന്നെ മനസ്സിലാക്കുന്നില്ല. മദ്യപാനം ഒരു സാമൂഹികപ്രശ്‌നമായി മാത്രം കാണുകയും നാണക്കേട് മൂലം ചികിത്സ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് മാറേണ്ടതാണ്, ജില്ല മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. മഞ്ജു പീതാംബരന്‍ പറഞ്ഞു.

മദ്യം ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന ഉറക്കക്കുറവ്, ഛര്‍ദി, വയറ് വേദന, സ്ഥലകാല ബോധമില്ലായ്മ, ദേഷ്യം തുടങ്ങിയവയൊക്കെ രോഗലക്ഷണങ്ങളാണ്. കൃത്യമായി സമയത്ത് ഇവര്‍ക്കാവശ്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. പിന്‍വാങ്ങല്‍ ലക്ഷണവുമായി കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടുന്നവരെ ചികിത്സിക്കാനായി പത്ത് സൈക്യാട്രിസ്റ്റുകളെ സജ്ജമാക്കിയിട്ടുണ്ട്.

ഐസൊലേഷനില്‍ കഴിയുന്ന മുഴുവന്‍ ആളുകളേയും വിളിച്ച് അവരുടെ മാനസികാരോഗ്യ സ്ഥിതിയെക്കുറിച്ചും മൂന്നുദിവസത്തിലൊരിക്കല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അന്വേഷിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടേയും ആരോഗ്യ സ്ഥിതിയെപ്പറ്റിയും ചോദിച്ചറിയുന്നുണ്ട്. ഇത്തരത്തില്‍ പ്രതിദിനം 2500 മുതല്‍ 3000 വരെ കോളുകളാണ് ഓരോ ദിവസവും വിളിക്കുന്നത്. ഇതിനായി 41 അംഗ കൗണ്‍സിലര്‍മാരുടെ സംഘത്തേയും സജ്ജമാക്കിയിട്ടുണ്ട്.

എന്തെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ ദിവസവും വിളിച്ച് സ്ഥിതി വിലയിരുത്തും. ഭക്ഷ്യ വസ്തുക്കള്‍ തീര്‍ന്നു പോവല്‍, ബില്ലടയ്ക്കല്‍ തുടങ്ങി വിവിധ സാമൂഹിക കാര്യങ്ങള്‍ ഐസൊലേഷനിലുള്ളവര്‍ ഉന്നയിച്ചാല്‍ യുവജനക്ഷേമ ബോര്‍ഡുമായി ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുണ്ടെന്നും ഡോ. മഞ്ജു പറഞ്ഞു

NO COMMENTS