ലോക കേരള സഭ ഇന്നും നാളെയും

11

ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും(ജൂൺ 14, 15) നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും സമ്മേളനം ആരംഭിക്കുക. 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കും.

രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. മുദ്രാഗാനത്തിനും ദേശീയ ഗാനത്തിനും ശേഷം 9.35ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു ലോക കേരള സഭാ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഉദ്ഘാടന ചടങ്ങിൽ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും ചടങ്ങിൽ പങ്കെടുക്കും. കേരള മൈഗ്രേഷൻ സർവെ റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രിക്കു കൈമാറും. ഉച്ചയ്ക്കു രണ്ടു മുതൽ വിഷയാടിസ്ഥിത ചർച്ചകളും മേഖലാ സമ്മേളനങ്ങളും നടക്കും. വൈകിട്ട് 5.15നു നടക്കുന്ന ചടങ്ങിൽ ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

നവംബർ 15നു രാവിലെ 9.30 മുതൽ മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും 10.15 മുതൽ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും നടക്കും. വൈകിട്ട് 3.30നു മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. തുടർന്നു സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ലോക കേരളസഭാ സമ്മേളനത്തിനു സമാപനമാകും.

എട്ടു ചർച്ചാ വിഷയങ്ങൾ ; ഏഴു മേഖലാടിസ്ഥിത ചർച്ചകൾ

ഏഴു മേഖലകളെ അടിസ്ഥാനമാക്കിയുള്ള മേഖലാ ചർച്ചകളും പ്രവാസികളുമായി ബന്ധപ്പെട്ട എട്ടു വിഷയങ്ങളുമാകും ഇത്തവണത്തെ ലോക കേരള സഭ ചർച്ച ചെയ്യുക. 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾക്കു പുറമേ ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്റ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്.

എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും, നവ തൊഴിലവസരങ്ങളും നൈപുണ്യവികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ, കേരള വികസനം – നവ മാതൃകകൾ, വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴിൽ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിവയാണു നാലാം ലോക കേരള സഭയുടെ ചർച്ചാ വിഷയങ്ങൾ. ഗൾഫ്, ഏഷ്യ പസഫിക്, യൂറോപ്പ് ആൻഡ് യുകെ, അമേരിക്ക, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ എന്നിവയാണു മേഖലാ വിഷയങ്ങൾ.

14ന് ഉച്ചയ്ക്കു രണ്ടു മുതൽ വിഷയാടിസ്ഥാനത്തിനുള്ള ചർച്ചകളും 3.45 മുതൽ മേഖലാ സമ്മേളനങ്ങളും ആരംഭിക്കും. 15നു രാവിലെ 9.30 മുതൽ മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും 10.15 മുതൽ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും നടക്കും.

NO COMMENTS

LEAVE A REPLY