തിരുവനന്തപുരം: ഒന്നില്‍ കൂടുതല്‍ തവണ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാനാണു പോലീസ് ഉദ്ദേശിക്കുന്നത്. സംസ്ഥാനം പൂര്‍ണമായി അടച്ച ശേഷം സ്വകാര്യവാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങിയ സാഹചര്യത്തിലാണ് പോലീസിന്റെ കര്‍ശന നടപടി.
ഓട്ടോ, ടാക്സി എന്നിവ അവശ്യ ഘട്ടങ്ങളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനങ്ങൾ പിടിച്ചെടുത്ത് 21 ദിവസത്തേക്ക് വിട്ടുനല്‍കില്ലെന്നും വ്യക്തമായ കാരണമില്ലാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നുമാണ് നിർദ്ദേശം.അതേസമയം മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന വാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കള്‍, മരുന്ന് തുടങ്ങിയവ വാങ്ങുന്നതിനും ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ടാക്സി, ഓട്ടോറിക്ഷ (ഓണ്‍ലൈന്‍ ടാക്സികള്‍ ഉള്‍പ്പെടെയുള്ളവ) ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
മെഡിക്കല്‍ കേസുകള്‍ക്കും അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്സികള്‍ ഉപയോഗിക്കേണ്ടത്. ഇത്തരം വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു മുതിര്‍ന്ന യാത്രക്കാരന് മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവിമാര്‍ക്കു നല്‍കിയിട്ടുണ്ട്.