തിരുവനന്തപുരം : കത്വയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഹര്‍ത്താലിലെ അഴിഞ്ഞാട്ടവുമായി ബന്ധപ്പെട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറ്റിയമ്ബതിലെറെ പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരുടെയും പേരിലല്ലാതെ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങള്‍ സാമൂഹിക വിരുദ്ധശക്തികള്‍ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാല്‍ അതു സംബന്ധിച്ച് അന്വേഷണം നടത്തും. ഭാവിയില്‍ മുന്നറിയിപ്പില്ലാതെയുള്ള ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.