ഡിവൈ.എസ്.പി ബി. ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് ലോക്നാഥ് ബെഹ്റ

174

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ പോലീസ് സേനയില്‍ നിന്നും അധികാരത്തില്‍ നിന്നും നീക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. വകുപ്പ് തല അന്വേഷണത്തിന് ശേഷം ഡിവെഎസ് പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കേസില്‍ കോടതി പ്രതിയെ ശിക്ഷയില്‍ നിന്ന് മോചിപ്പിച്ചാലും വകുപ്പ് തല അന്വേഷണത്തില്‍ തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.

കോടതി മോചിപ്പിച്ചാലും പോലീസ് സേനയില്‍ നിന്ന് നീക്കുന്നതിന് നിയമമുണ്ട്. ഗുരുതരമായ സ്വഭാവദൂഷ്യം കാട്ടുന്ന പൊലീസുകാരെ സേനയില്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ നയം. 86(സി) ചട്ടപ്രകാരം, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവുമായി ജോലിക്ക് അണ്‍ഫിറ്റാണെങ്കില്‍ പുറത്താക്കാം. പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാനും നിയമമുണ്ട്. ക്രിമിനല്‍ കേസില്‍ ഒരാഴ്ചയെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് സര്‍വ്വീസ് റൂള്‍.

നെയ്യാറ്റിന്‍കര കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് വിലയിരുത്തുമെന്ന് ഡി.ജി.പി പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം ഇപ്പോഴത്തെ അന്വേഷണ ചുമതലയുളള എസ്.പി ആന്റണിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും ബെഹ്റ പറഞ്ഞു.

NO COMMENTS