തിരുവനന്തപുരം : ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള പോലീസ് സേനാംഗങ്ങളെ അനുയോജ്യമായ സാങ്കേതികമേഖലയില്‍ നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. പേരൂര്‍ക്കട എസ്‌എപി ഗ്രൗണ്ടില്‍ സ്പെഷ്യല്‍ ആംഡ് പോലീസിന്റെ ഇരുപത്തിയൊന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലനം പൂര്‍ത്തിയാക്കിയ 171 പേരില്‍ 11 പേര്‍ ബിരുദാനന്തര ബിരുദധാരികളും 82 പേര്‍ ബിരുദധാരികളുമാണ്. ഒരാള്‍ക്ക് എംടെക്കും ഒമ്ബതു പേര്‍ക്ക് ബിടെക്കും രണ്ടു പേര്‍ക്ക് എംബിഎയും ഒരാള്‍ക്ക് ബിഎഡും ഉണ്ട്. ഒരാള്‍ എംഫില്‍ ബിരുദധാരിയാണ്. ഇന്നു നടന്ന പാസിങ് ഔട്ട് പരേഡില്‍ മികച്ച ഷൂട്ടര്‍, ഇന്‍ഡോര്‍, ആള്‍ റൗണ്ടര്‍ എന്നീ വിഭാഗങ്ങളില്‍ അഖില്‍ വി കെയും മികച്ച ഔട്ട് ഡോര്‍ ആയി നന്ദു കെ സിയും തെരഞ്ഞെടുക്കപ്പെട്ടു. ജോബിന്‍ എം ജെ നയിച്ച ഒന്നാം പ്ലാറ്റൂണ്‍ മികച്ച പ്ലാറ്റൂണിനുള്ള ബഹുമതിക്ക് അര്‍ഹമായി.
പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ട്രോഫി സ്വീകരിച്ചു. എഡിജിപിമാരായ എസ് ആനന്ദകൃഷ്ണന്‍, മനോജ് എബ്രഹാം, ഐജിമാരായ ഇ ജെ ജയരാജ്, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, ഡിഐജി മാരായ പി പ്രകാശ്, കെ സേതുരാമന്‍, തിരുവനന്തപുരം സിറ്റി പോലീസ് കമീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍, എസ്‌എപി കമാണ്ടന്‍റ് റ്റി എഫ് സേവ്യര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.