സെന്‍കുമാര്‍ ബാറ്റണ്‍ കൈമാറി; ലോക്നാഥ് ബെഹ്റ വീണ്ടും ഡിജിപി

223

തിരുവനന്തപുരം: സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ടി പി സെന്‍കുമാര്‍ പടിയിറങ്ങി. പുതിയ ഡിജിപി ലോക്നാഥ് ബെഹ്റക്ക് ബാറ്റണ്‍ കൈമാറി അദ്ദേഹം ഔദ്യോഗികമായി വിരമിച്ചു. വൈകീട്ട് നാല് മണിയോടെ പോലീസ് ആസ്ഥാനത്തെ ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം പോലീസ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച സെന്‍കുമാര്‍ വീണ്ടും ഓഫീസില്‍ തിരിച്ചെത്തി. ഇതിനിടെ പോലീസ് ആസ്ഥാനത്ത് എത്തിയ പുതിയ ഡിജിപി ലോക് നാഥ് ബെഹ്റയും ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിജിപി ഓഫീസില്‍ എത്തി സെന്‍കുമാറില്‍ നിന്ന് ബാറ്റണ്‍ സ്വീകരിക്കുകയും ഔദ്യോഗിക രേഖകളില്‍ ഒപ്പുവെക്കുകയും ചെയ്തു. 2016 മെയിലാണ് സെന്‍കുമാറിനെ എല്‍ഡിഎഫ സര്‍ക്കാര്‍ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത്. ഐഎംജി ഡയറക്ടറായായിരുന്നു നിയമനം. തുടര്‍ന്ന് ബെഹ്റയെ ഡിജിപിയാക്കി. ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടന്ന് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങി ഡിജിപി സ്ഥാനത്ത് തിരിച്ചെത്തുകയാിരുന്നു. രണ്ടാം വരവില്‍ 55 ദിവസമാണ് അദ്ദേഹം പദവിയില്‍ ഇരുന്നത്.

NO COMMENTS