ലോക്സഭ തിരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് 50 നിരീക്ഷകർ

8

ലോക്സഭ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂർത്തീകരിക്കാൻ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 തിരഞ്ഞെടുപ്പ് നിരീക്ഷകരെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പൊലീസ് നിരീക്ഷകരും ആണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഒരോ ലോക്സഭാ മണ്ഡലത്തിനും ഒരാൾ വീതം പൊതു, ചെലവ് നിരീക്ഷകരും രണ്ട് മണ്ഡലങ്ങൾക്ക് ഒരാൾ വീതം പൊലീസ് നിരീക്ഷകരുമാണുള്ളത്.

ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആർഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും യഥാക്രമം പ്രവർത്തിക്കുന്നത്. മാർച്ച് മൂന്ന് മുതൽ തുടങ്ങിയ നിരീക്ഷരുടെ പ്രവർത്തനം വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ തുടരും. അതത് ലോക്സഭ മണ്ഡലങ്ങളിൽ ഓഫീസ് തുറന്നാണ് പ്രവർത്തനം. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിക്കുക.

ഒബ്സർവേഴ്സ് പോർട്ടൽ വഴി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ടാണ് ഇവർ റിപ്പോർട്ട് നൽകുന്നത്. നിരീക്ഷകർ നൽകുന്ന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം ലഭ്യമാക്കുന്നതും രഹസ്യസ്വഭാവത്തിലുമുള്ളതുമായിരിക്കും. ജനപ്രാതിനിധ്യ നിയമത്തിലെ (1951) അനുച്ഛേദം 20 ബി പ്രകാരം നിയോഗിക്കപ്പെട്ട നിരീക്ഷകർക്ക് വിപുലമായ അധികാരങ്ങളാണുള്ളത്. വോട്ടെണ്ണൽ നിർത്തിവെക്കാൻ വരണാധികാരിക്ക് നിർദേശം നൽകാൻവരെ നിരീക്ഷകർക്ക് അധികാരമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാർഗനിർദേശങ്ങളും മണ്ഡലങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തലും സ്വതന്ത്ര്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ എടുക്കലുമാണ് നിരീക്ഷകരുടെ ഉത്തരവാദിത്തം. പൊതുനിരീക്ഷകർ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്നും ലംഘനങ്ങളിൽ നടപടി എടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമ്പോൾ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നത് ചെലവ് നിരീക്ഷകരാണ്.

പാർട്ടികളോ സ്ഥാനാർഥികളോ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോഘട്ടത്തിലും ഉയർത്തുന്ന പരാതികൾ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് നിരീക്ഷകരാണ്. മാതൃകാ പെരുമാറ്റച്ചട്ടം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, പോസ്റ്റൽ ബാലറ്റ് വിതരണം, സുരക്ഷാസംവിധാനങ്ങൾ വിന്യസിക്കൽ, റാൻഡമൈസേഷൻ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്രിയകളും നിരീക്ഷകരുടെ കർശന നിരീക്ഷണത്തിലായിരിക്കും.

പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ നിരീക്ഷകർക്ക് നേരിട്ടും ഫോണിലൂടെയും നൽകാം. മാതൃകാപെരുമാറ്റച്ചട്ടലംഘനം, സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികൾ, മതസ്പർദ്ധക്കിടയാക്കുന്ന പ്രവർത്തനങ്ങൾ, പ്രസംഗങ്ങൾ, സ്ഥാനാർത്ഥികളെ വ്യക്തിഹത്യ ചെയ്യൽ തുടങ്ങിയ പരാതികൾ പൊതുജനങ്ങൾക്ക് നിരീക്ഷകർക്ക് നൽകാവുന്നതാണ്. തിരഞ്ഞെടുപ്പിൽ പണം, മദ്യം, പാരിതോഷികങ്ങൾ, ഭീഷണി, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ വോട്ടർമാരെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്ത:സത്തയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നിയമനടപടികളും നിരീക്ഷകർ സ്വീകരിക്കും.

NO COMMENTS

LEAVE A REPLY