ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പാനല്‍ ; ഒന്നുകില്‍ കാനം; അല്ലെങ്കില്‍ സി. ദിവാകരന്‍ ; ജില്ലാ കൗണ്‍സില്‍ ഇന്നു ചേരും.

154

തിരുവനന്തപുരം: ഒന്നുകില്‍ കാനം; അല്ലെങ്കില്‍ സി. ദിവാകരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി സാദ്ധ്യതാ പാനല്‍ തയ്യാറാക്കാന്‍ ചേര്‍ന്ന പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെ ഇതായിരുന്നു വികാരം.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരിനു തന്നെയാണ് തലസ്ഥാനത്ത് മുന്‍തൂക്കം. അദ്ദേഹം മത്സരിക്കുന്നില്ലെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ നെടുമങ്ങാട് എം.എല്‍.എയും പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ സി.ദിവാകരനെ ഇറക്കണം. കൗണ്‍സില്‍ യോഗം ഒടുവില്‍ ജില്ലാ സെക്രട്ടറി ജി.ആര്‍. അനിലിന്റെ പേരു കൂടി ചേര്‍ത്ത് മൂന്നംഗ സാദ്ധ്യതാ പാനല്‍ തയ്യാറാക്കി.

മാവേലിക്കര മണ്ഡലത്തിലേക്ക് കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലാ കൗണ്‍സിലുകള്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിന്റെ പേര് ഒരുപോലെ നിര്‍ദ്ദേശിച്ചതോടെ അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതാം. . തൃശൂരിലേക്ക് ജില്ലാ കൗണ്‍സില്‍ യോഗം അംഗീകരിച്ച ആദ്യ പേര് സിറ്റിംഗ് എം.പി സി.എന്‍. ജയദേവന്റേതാണ്. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ പേര് ചര്‍ച്ചയില്‍ വന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞു.

വയനാട് മണ്ഡലത്തിലേക്ക് പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിക്ക് വയനാട് ജില്ലാ കൗണ്‍സില്‍ മുന്‍തൂക്കം നല്‍കിയപ്പോള്‍, മലപ്പുറം ജില്ലാ കൗണ്‍സിലില്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന നിര്‍വ്വാഹകസമിതി അംഗവുമായ പി.പി. സുനീറിനാണ് മുന്‍തൂക്കം. സത്യന്‍ മൊകേരിയുടെ പേര് രണ്ടാമതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കൗണ്‍സില്‍ ഇന്നു ചേര്‍ന്ന് പട്ടിക തയ്യാറാക്കും.

നാളെ സംസ്ഥാന എക്സിക്യുട്ടീവും തിങ്കളാഴ്ച സംസ്ഥാന കൗണ്‍സിലും ജില്ലാ ഘടകങ്ങളുടെ സാദ്ധ്യതാപാനല്‍ ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കി ദേശീയ കൗണ്‍സിലിനു കൈമാറും. ദേശീയ കൗണ്‍സില്‍ യോഗമാണ് അന്തിമമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

ജില്ലാ കൗണ്‍സിലുകളുടെ

സാദ്ധ്യതാ പാനല്‍

തിരുവനന്തപുരം

കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍, ജി.ആര്‍. അനില്‍.

 കൊല്ലം (മാവേലിക്കര)

ചിറ്റയം ഗോപകുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആര്‍.എസ്. അനില്‍, ജില്ലാ കൗണ്‍സില്‍ അംഗം ദിനേശ് ബാബു.

 ആലപ്പുഴ (മാവേലിക്കര)

ചിറ്റയം ഗോപകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് വി.എ. അരുണ്‍കുമാര്‍ (കായംകുളം)

 കോട്ടയം (മാവേലിക്കര)

ചിറ്റയം ഗോപകുമാര്‍, വൈക്കം മുന്‍ എം,എല്‍.എ കെ. അജിത്, എലിക്കുളം ജയകുമാര്‍ (യുവകലാസാഹിതി)

 തൃശൂര്‍

സി.എന്‍. ജയദേവന്‍ എം.പി, കെ.പി. രാജേന്ദ്രന്‍, രാജാജി മാത്യു തോമസ്.

 വയനാട്

സത്യന്‍ മൊകേരി, സി.എന്‍. ചന്ദ്രന്‍, പി.പി. സുനീര്‍.

 മലപ്പുറം (വയനാട്)

പി.പി. സുനീര്‍, സത്യന്‍ മൊകേരി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി

 കോഴിക്കോട് (വയനാട്)

പാനല്‍ ആയില്ല. ജില്ലാ കൗണ്‍സില്‍ ഇന്നു ചേരും.

NO COMMENTS