ലണ്ടന്‍: ലണ്ടന്‍ മെട്രോ റെയില്‍ സ്റ്റേഷനിലെ സ്ഫോടനത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ലണ്ടനിലെ ന്യൂപോര്‍ട്ടിനു സമീപം നടത്തിയ തെരച്ചിലിലാണ് 25കാരനായ യുവാവ് പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസമായി ഈ മേഖലയില്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു.
നേരത്തെ, മറ്റ് രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ഹന്‍സ്ലോയില്‍നിന്ന് ഇരുപത്തിയൊന്നുകാരായ യുവാവിനെ സ്കോട്ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരും പതിനെട്ടുകാരനെ പോലീസും ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇരുവരെയും സൗത്ത് ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് മൂന്നാമന്‍ പിടിയിലാകുന്നത്.