രാജ്യത്ത് പാചകവാതക സിലിണ്ടറിന് ഇനി ഒറ്റ വില

252

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് ഇനി ഒരേ വില. സബ്സിഡി ഉള്ളത്, ഇല്ലാത്തത് എന്ന വേര്‍തിരിവ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇനിയുണ്ടാകില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോ പാചകവാതക സിലിണ്ടറുകള്‍ക്ക് ഒറ്റവിലയാകും. പ്രതിമാസം നാലു രൂപ വീതം ഉയര്‍ത്തി 2018 മാര്‍ച്ചോടെ സബ്സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ മാത്രം വിപണിയിലിറക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്സഭയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം എല്‍പിജി സിലിണ്ടറുകളുടെ സബ്സിഡി തുക ഉപേക്ഷിച്ചവര്‍ക്ക് വിലക്കുറവില്‍ സിലിണ്ടറുകള്‍ ലഭിക്കും. നോണ്‍ സബ്സിഡി സിലിണ്ടറുകളുടെ വില പുതിയ തീരുമാന പ്രകാരം കുറയുമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
സബ്സിഡി സിലിണ്ടറിന് ഇപ്പോള്‍ വില 477 രൂപയാണ് ഡല്‍ഹിയിലെ വില.
സബ്സിഡി രഹിത സിലിണ്ടറിന് 564(കേരളത്തില്‍ വിലയില്‍ വ്യത്യാസമുണ്ട്) രൂപയും. 87 രൂപയുടെ മാത്രം വത്യാസമാണ് സബ്സിഡി, സബ്സിഡി രഹിത സിലിണ്ടറുകള്‍ തമ്മിലുള്ളത്. യുപിഎ ഭരണ കാലത്ത് സബ്സിഡി സിലിണ്ടറിന് 300 രൂപയെങ്കില്‍ നോണ്‍ സബ്സിഡിക്ക് 1020 രൂപയായിരുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം നേര്‍ത്തതോടെയാണ് ഏകീകൃത വിലയ്ക്ക് സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചത്. അടുത്ത മാര്‍ച്ച് മാസം വരെയുള്ള എട്ടു മാസം കൊണ്ട് പ്രതിമാസം നാലു രൂപ വീതം 32 രൂപ കൂടുമ്പോള്‍ നോണ്‍ സബ്സിഡി സിലിണ്ടറിന്റെ വില 55 എങ്കിലും ഡല്‍ഹിയില്‍ കുറയുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ 700 രൂപയ്ക്ക് മുകളിലുള്ള നോണ്‍ സബ്സിഡി സിലിണ്ടറുകള്‍ക്ക് വലിയ തോതില്‍ വില കുറഞ്ഞേക്കും. ഏകദേശം 500 രൂപ വിലയില്‍ എല്‍പിജി സിലിണ്ടര്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ലഭ്യമായേക്കും.

NO COMMENTS