തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ലുക്കൗട്ട് നോട്ടീസിന്റെ പകര്‍പ്പുകള്‍ കൈമാറി. ലിസ വെയ്സിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെയും വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായം കേരളാ പോലീസ് തേടിയിട്ടുണ്ട്.
അഡീഷണല്‍ കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗരുഡിന്റെ നേതൃത്വത്തില്‍ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, എഎസ്പി. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ലിസയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മൂന്ന് മാസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീട് കാണാതായെന്ന് കാട്ടി മാതാവ് ജര്‍മന്‍ പോലീസിനും എംബസിക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്.
മാര്‍ച്ച് അഞ്ചിന് ജര്‍മനിയില്‍ നിന്ന് പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്ന് കാട്ടി മാതാവ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പരാതി ഡിജിപിക്കു കൈമാറിയശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.