ലുലു മാളില്‍ കെബിഎഫിന്‍റെ ‘ഹരിത’മാവേലി

241

കൊച്ചി : ഈ ഓണത്തിന് ലുലു മാളിലെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) ഒരുക്കിയിരിക്കുന്ന 20 അടി ഉയരമുള്ള മാവേലി. പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച പ്രതിമ സന്ദര്‍ശകരെ സ്വാഗതം ചെയ്യാനായി പ്രവേശനകവാടത്തില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇരുമ്പ്, പ്രത്യേകം കടലാസ്, ചണം, തുണി, ചകിരി, കയര്‍, പുനര്‍ സംസ്‌കരിച്ച തടി എന്നിവ കൊണ്ട് നിര്‍മിച്ച ഭീമന്‍ മാവേലി ലുലു ഇപ്പോള്‍ നടത്തുന്ന പരിസ്ഥിതി ബോധവത്കരണ പ്രചരണ പരിപാടിയായ നേച്ചര്‍ ഫസ്റ്റിന്റെ ഭാഗമായുള്ളതാണ്. കെബിഎഫ്-ലുലു പങ്കാളിത്തത്തിലെ മറ്റൊരു വിജയകരമായ സംരംഭം കൂടിയാണിത്.

ലോകത്ത് ഇതാദ്യമായാണ് ഒരു മാള്‍ ‘ഹരിത’മാവേലിയെ നിര്‍മിക്കുന്നതെന്ന് ലുലു മാള്‍ ബിസിനസ് ഹെഡ് ശ്രീ. ഷിബു ഫിലിപ്പ് പറഞ്ഞു. നേച്ചര്‍ ഫസ്റ്റ് പോലെ ഒരു സംരംഭത്തില്‍കൂടി കെബിഎഫുമായി വീണ്ടും സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. പുനരുപയോഗം, സുസ്ഥിര പരിസ്ഥിതിസംരക്ഷണം എന്നിവയുടെ പ്രാധാന്യത്തിലേക്ക് സന്ദര്‍ശകരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓലക്കുടയടക്കം ചൂടിയ മാവേലി സന്ദര്‍ശകരെ ധാരാളമായി ആകര്‍ഷിക്കുന്നുണ്ട്. ജൂണില്‍ ലുലു മാളില്‍ കെബിഎഫ് നേച്ചര്‍ ഫസ്റ്റിന്റെ തന്നെ ഭാഗമായി നടത്തിയ തത്സമയ ശില്‍പ്പനിര്‍മ്മാണ സ്റ്റുഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യതകയെക്കുറിച്ചുള്ള സന്ദേശം കൊച്ചിക്കാരില്‍ എത്തിക്കാനുള്ള വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ക്യാംപെയ്‌നാണ് നേച്ചര്‍ ഫസ്റ്റ്.ഓണം ആഘോഷിക്കുന്നതിനും, പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ലുലു ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ കെബിഎഫിന് സന്തോഷമുണ്ടെന്ന് കെബിഎഫ് സെക്രട്ടറി ശ്രീ. റിയാസ് കോമു പറഞ്ഞു. പ്രകൃതിയുടെയും ഒത്തൊരുമയുടെയും ഏറ്റവും ശാശ്വതമായ ചിഹ്നങ്ങളിലൊന്നിന്റെ ആവിഷ്‌കാരം ലുലു മാളില്‍ എത്തുന്ന സന്ദര്‍ശകര്‍ ആസ്വദിക്കുമെന്നു പ്രതീക്ഷിക്കുന്നു. നേച്ചര്‍ ഫസ്റ്റ് ക്യാംപെയ്‌നില്‍ തുടര്‍ന്നും സഹകരിക്കുന്നതിനും കലയിലൂടെ പരിസ്ഥിതിയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനും കെബിഎഫിന് അഭിമാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൊച്ചി മുസിരിസ് ബിനാലെയുടെ 2012ലെ ഒന്നാം പതിപ്പുമുതല്‍തന്നെ ലുലു ഗ്രൂപ്പുമായി കെബിഎഫ് സഹകരിക്കുന്നുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ ബന്ധം ശക്തിപ്പെടുകയായിരുന്നു.ഓണക്കാലത്തുടനീളം രാവിലെ 9 മണിമുതല്‍ രാത്രി 11 മണിവരെ മാവേലി പ്രതിമ ലുലു മാളിന്റെ പ്രവേശനകവാടത്തിലുണ്ടായിരിക്കും.

NO COMMENTS

LEAVE A REPLY