രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് എം കെ സ്റ്റാലിന്‍

135

ചെന്നൈ : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് ഡി എം കെ തലവന്‍ എം കെ സ്റ്റാലിന്‍. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാനുള്ള ഇച്ഛാശ്ശക്തിയും ആര്‍ജവവും രാഹുലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി എം കെ സ്ഥാപകന്‍ എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിനു ശേഷം നടന്ന സംസ്ഥാനത്തെയും കേന്ദ്രത്തിലെയും പ്രതിപക്ഷ നേതാക്കളുടെ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു സ്റ്റാലിന്‍.

നമുക്കൊരു പുതിയ പ്രധാന മന്ത്രി വേണം. ആ സ്ഥാനത്തേക്ക് ഞാന്‍ നിര്‍ദേശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാറിനെ തറപറ്റിക്കാനുള്ള ശേഷി രാഹുലിനുണ്ട്- സ്റ്റാലിന്‍ പറഞ്ഞു. മോദി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് നിഷ്‌കാസിതമാക്കുന്നതിനും രാഹുല്‍ ഗാന്ധിക്കു പിന്തുണയേകുന്നതിനും പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടണമെന്നും ഡി എം കെ അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു.

ഇന്ത്യയുടെ വളര്‍ച്ച മുരടിപ്പിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണം രാജ്യത്തെ 15 വര്‍ഷം പിന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിനു മറ്റൊരു അവസരം കൂടി കൊടുത്താല്‍ രാജ്യം 50 വര്‍ഷം പിറകോട്ടു പോകും. മോദി ഒരു രാജാവിനെ പോലെയാണ് പെരുമാറുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് നാമൊന്നിച്ചു മുന്നോട്ടു വരുന്നതെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS