തൃശൂര്‍: പീസ് സ്കൂള്‍ എം.ഡി എം.എം. അക്ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഡി.ജി.പിയില്‍നിന്നും റിപ്പോര്‍ട്ട് തേടി. ന്യൂനപക്ഷ അംഗമായതിനാലാണ് അക്ബര്‍ മതസ്പര്‍ധയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കെ കെ കൊച്ചുമുഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി. മതസ്പര്‍ധയുടെ പേരില്‍ കേരളത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കണമെന്നും പരാതിയില്‍ പറയുന്നു. ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക് നല്‍കിയ നീതി അക്ബറിന് നിഷേധിക്കപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പരാതിയിലുണ്ട്. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സമയം നല്‍കണമെന്ന് ഡി.ജി.പിക്കുവേണ്ടി സിറ്റിങില്‍ ഹാജരായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മണികണ്ഠന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 17ന് നടക്കുന്ന സിറ്റിങില്‍ പരാതി വീണ്ടും പരിഗണിക്കും.