തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്. ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രവൃത്തികള്‍. മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടയുന്നതിനു മുന്‍കൈയെടുത്തതിനാലാണ് മണിയെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സംരക്ഷിക്കുന്നതെന്നും ഹസന് പറഞ്ഞു. മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍ സിപിഎമ്മുകാരാണ്. കയ്യേറ്റം ഒഴിപ്പിക്കുമെന്നതിനാലാണ് സിപിഎം സിപിഐക്കെതിരെ തിരിയുന്നതെന്നും ഹസന് കുറ്റപ്പെടുത്തി.