ഇ.പി. ജയരാജനെതിരേയുള്ള ബന്ധുനിയമനക്കേസ് വിജിലന്‍സ് എഴുതിത്തള്ളുന്നു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണസംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ജയരാജനെ രക്ഷിച്ചെടുക്കുകയാണു ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ ടെസ്റ്റ് ടോസായിരുന്നു ജയരാജന്റെ അഴിമതിക്കേസ്. അതിലാണു സര്‍ക്കാര്‍ തോറ്റു കൊടുത്തത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ കുടിയൊഴിപ്പിച്ചത് ജയരാജന്‍ ഉള്‍പ്പെടെ പലരേയും രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. അഴിമതിക്കെതിരേയുള്ള പോരാട്ടം വെറും പ്രഹസനമാണെന്നു വ്യക്തം. ഇനി അഴിമതിയുടെ പേരും പറഞ്ഞ് പിണറായി സര്‍ക്കാര്‍ രംഗത്തിറങ്ങിയാല്‍ ജനം കുറ്റിച്ചൂലെടുക്കുമെന്നു ഹസന്‍ പറഞ്ഞു. പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഒരു തുള്ളി മദ്യംപോലും കേരളത്തില്‍ അധികമായി നല്കില്ലെന്നു വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും മുറ്റത്തുവരെ ബാര്‍ അനുവദിക്കുകയാണു ചെയ്തത്. കണ്ണിലെ കൃഷ്ണമണിപോലെ പ്രകൃതിയെ സംരക്ഷിക്കുമെന്നു പറഞ്ഞവര്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.