ഷുഹൈബ് വധം ; സി.പി.എം നടപടി കണ്ണില്‍ മണ്ണിടാനുള്ള നാടകമാണെന്ന് എം.എം.ഹസന്‍

194

ഷുഹൈബ് വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പതിനൊന്ന് പ്രതികളില്‍ നാലു പേരെ മാത്രം സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ നടപടി ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള നാടകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ വിമര്‍ശിച്ചു. പ്രതികളായ പതിനൊന്ന്‌പേരും സി.പി.എം പ്രവര്‍ത്തകരായിരിക്കുമ്പോള്‍ നാലു പേരെമാത്രം പുറത്താക്കുന്നത് പ്രഹസനമാണ്. ഷുഹൈബിന്റെ വധത്തിനെതിരേ കണ്ണൂരില്‍ അണപൊട്ടിയൊഴുകുന്ന ജനരോക്ഷത്തില്‍ നിന്നും തല്‍ക്കാലം തടിത്തപ്പാനാണ് ഇത്തരമൊരു നടപടിക്ക് സി.പി.എം തയ്യാറായത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗത്തില്‍ ആകാശ് തില്ലങ്കേരിയുടെ പിതാവിനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ച് വരുത്തി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടി നടപടി പേരിന് മാത്രമാണെന്ന ഉറപ്പ് ആകാശ് തില്ലങ്കേരിയുടെ പിതാവിന് നല്‍കിയ ശേഷമാണ് നടപടി പ്രഖ്യാപിച്ചതെന്ന് ഇതിലൂടെ വ്യക്തമായി. പാര്‍ട്ടീ പ്രവര്‍ത്തകരെ പുറത്താക്കുന്ന അതേ വേഗതയിലാണ് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനായി മുഖ്യമന്ത്രി ഉത്തരവിടുന്നത് എന്നകാര്യവും വിസ്മരിക്കാനാവില്ല. ഷുഹൈബ് വധത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സി.ബി.ഐ അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നവര്‍ തന്നെയാണ് പുറത്താക്കല്‍ നടപടിയെന്ന പ്രഹസനത്തിന് നേതൃത്വം നല്‍കുന്നത്.

കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്ന് വരുമ്പോള്‍ ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കാണിച്ചാല്‍ മാത്രമേ ഇപ്പോള്‍ സി.പി.എം എടുത്ത നടപടി ആത്മാര്‍ത്ഥത ഉള്ളതാണെന്ന് വിശ്വസിക്കാന്‍ കഴിയു. കേസില്‍ ഉള്‍പ്പെട്ട സി.പി.എം പ്രവര്‍ത്തകരായ എല്ലാ പ്രതികളേയും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേയും പുറത്താക്കാന്‍ സി.പി.എം തയ്യാറാകുമോയെന്നും എം.എം.ഹസന്‍ ചോദിച്ചു.

NO COMMENTS