പത്തനംതിട്ട : വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ട ശ്രീജിത്തിന്റെ മരണത്തിനുത്തരവാദികളായവരെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ജനമോചന യാത്രയുടെ സ്വീകരണ സമ്മേളനങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ടൈഗര്‍ ഫോഴ്‌സിന്റെ തലവനായ റൂറല്‍ എസ്.പിയ്‌ക്കെതിരെയും ശ്രീജിത്തിനെ ഉരുട്ടിക്കൊന്ന പോലീസുകാര്‍ക്കെതിരെയും കൊലക്കുറ്റത്തിനു കേസ്സെടുക്കാതെ സഹായിക്കുന്നത് മുഖ്യമന്ത്രിയാണ്. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെ ഇടപെടല്‍ മൂലമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദ്ദേശിച്ചതെന്നും പോലീസുകാര്‍ ഉരുട്ടിക്കൊന്നതാണെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ഈ കൊലപാതകത്തില്‍ സി.പി.എമ്മിനുള്ള പങ്കു സംശയാതീതമായി വ്യക്തമാക്കുന്നുവെന്ന് ഹസ്സന്‍ പറഞ്ഞു. കൊലയാളികളായ പോലീസുകാരെയും കൊല്ലിക്കാന്‍ കാരണക്കാരായ സി.പി.എമ്മുകാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉടന്‍ രാജിവയ്ക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടു.