കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എം.എം ലോറന്‍സ് രംഗത്ത്. മന്ത്രി ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ച നടപടിയില്‍ പാര്‍ട്ടിയും സര്‍ക്കാരും ശക്തമായ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുതാര്യമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ബാധ്യസ്ഥമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നിരിക്കുന്നത്. ജാഗ്രത പുലര്‍ത്തണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനും സാധ്യതയുണ്ട്. അത് തടയണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളുമായി തുലനം ചെയ്താണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്.
അഴിമതിക്കെതിരായ ശക്തമായ ജനവികാരമാണ് എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി അഴിമതി തന്നെയാണ്. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിഛായ മോശമായെന്ന വി.എസ്സിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും ലോറന്‍സ് പറഞ്ഞു