വിധി വന്നതുകൊണ്ട് എന്‍റെ ഒരു രോമത്തിനുപോലും പ്രശ്നമില്ല : എം.എം. മണി

195

കോട്ടയം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയയുടന്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രതികരണം ഇങ്ങനെ. ‘പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവയ്ക്കാന്‍ പോകുവല്ലേ, എന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫാണ്. എനിക്കെതിരെ കേസെടുത്തതില്‍ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടല്ലോ. ചെന്നിത്തലയും തിരുവഞ്ചൂരുമൊക്കെ ചേര്‍ന്നാണ് എനിക്കെതിരെ കേസെടുത്തത്. ഞാനങ്ങനാ വിശ്വസിക്കുന്നത്. വിധി വന്നതുകൊണ്ട് എന്റെ ഒരു രോമത്തിനു പോലും പ്രശ്നമില്ല.’ എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിനാല്‍ മണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. തൊടുപുഴയിലെ ഒരു കോടതിയല്ലേ കേസില്‍ ഇപ്പോള്‍ വിധി പറഞ്ഞത്.

ഇനിയും കോടതികളുണ്ട്. കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഞാന്‍ സ്വന്തം നിലയ്ക്കാണ് കേസ് നടത്താന്‍ അഡ്വക്കേറ്റിനെ നിയോഗിച്ചിരിക്കുന്നത്. ഇത് എവിടം വരെ പോകുമെന്ന് നമ്മുക്ക് നോക്കാം. രാജി വയ്ക്കണമെന്നു പറയുന്നവര്‍ അതിനു വച്ച വെള്ളം അങ്ങു വാങ്ങി വച്ചേക്കെന്നും മണി പ്രതികരിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും വ്യക്തമാക്കി.അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണിയുടെ വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്‌ട് സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് എം.എം. മണി. കേസില്‍ മണി വിചാരണ നടപടികള്‍ നേരിടണം. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരു മന്ത്രി കൊലക്കേസില്‍ വിചാരണ നേരിടുന്നത് ഇതാദ്യമാകും. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, സിഐടിയു നേതാവ് എ.കെ. ദാമോദരന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 1982 നവംബര്‍ 12 നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 2012 മേയ് 25 ന് ഇടുക്കിയിലെ മണക്കാട് നടത്തിയ പ്രസംഗത്തിലാണ് ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മണി വിവാദപ്രസ്താവന നടത്തിയത്.

NO COMMENTS

LEAVE A REPLY