അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയെങ്കിലും മന്ത്രി എം.എം മണി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം..ഇക്കാര്യത്തില്‍ വി.എസ് അച്യുതാനന്ദന്റെ കത്ത് കിട്ടിയിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ വിഷയം ഇന്ന് ചേര്‍ന്ന അവൈലബിള്‍ പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തു. എം.എം മണി രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നാണ് പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ വി.എസ് അച്യുതാനന്ദന്റെ നിലപാട് കേന്ദ്രനേതൃത്വം തള്ളി. മണി മന്ത്രിയാകുന്നതിന് മുമ്പെ ഉള്ള കേസാണിതെന്നും രാഷ്‌ട്രീയമായ കേസിനെ കോടതിയില്‍ നേരിടണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മണി വിഷയത്തില്‍ തുടര്‍ നടപടി കൈക്കൊള്ളേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ഇക്കാര്യത്തില്‍ വി.എസ് അയച്ച കത്ത് കിട്ടിയിട്ടില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.. അതേസമയം വി.എസിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് എം.എം മണി പ്രതികരിച്ചു. വിവാദങ്ങള്‍ തുടരുന്ന സാഹചര്യമാണെങ്കില്‍ അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഷയം സി.പി.എം ചര്‍ച്ച ചെയ്യും.