ഇടുക്കി: മാധ്യമപ്രവര്‍ത്തകരെപ്പറ്റിയും സുരേഷ് കുമാറിനെപ്പറ്റിയും ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വൈദ്യുത മന്ത്രി എം.എം. മണി. നിലപാടിലുറച്ച് നില്‍ക്കുമെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും എം.എം. മണി ഇടുക്കിയില്‍ വ്യക്തമാക്കി. തന്റെ സംസാര ശൈലിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പ്രസംഗത്തിനെതിരെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം തുടരുമ്പോഴും നിലപാടിലുറച്ച് നില്‍ക്കുകയാണ് എം.എം. മണി. തന്റെ പ്രസംഗത്തെ പറ്റി പരാതി ഉണ്ടായപ്പോള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതാണ്. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരസ്ഥലത്ത് പോകില്ല. അവരെ നേരിട്ട് കണ്ട് മാപ്പ് പറയില്ല. അതിന്റെ ആവശ്യമില്ലെന്നും മണി വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം കഴിഞ്ഞതാണ്. മാധ്യമങ്ങള്‍ തന്റെ ദീര്‍ഘമായ പ്രസംഗം വളച്ചൊടിച്ചതാണ്. തന്നോടിങ്ങനെ ഒന്നും വേണ്ടായിരുന്നു. ഇതൊന്നും പറഞ്ഞ് തന്നെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട. ഇന്‌ന് എന്‍ഡിഎ ഇടുക്കിയില്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണെന്നും എം.എം. മണി പറഞ്ഞു.