തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തി വിവാദത്തിലായ മന്ത്രി എം.എം.മണിക്കെതിരേ നടപടിക്കു ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സെക്രട്ടറിയേറ്റ് അംഗം കൂടിയായ മണിക്കെതിരേ നടപടിയെടുക്കാൻ തീരുമാനമെടുത്തത്. നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇതിനുശേഷം മാത്രമേ നടപടി പരസ്യമായി പ്രഖ്യാപിക്കൂ. വിവാദ പ്രസ്താവനയുടെ പേരിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ മണിക്കെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. സർക്കാരിനെ വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു ചാടിക്കുന്നതാണ് മണിയുടെ പ്രസ്താവനകളെന്നും ഇത് പാർട്ടിക്കു നാണക്കേടാണെന്നും യോഗത്തിൽ വിമർശനമുയർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരേ നിലപാടെടുത്തതായാണു സൂചന. അതേസമയം, വിവാദ പ്രസ്താവനകൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായെന്ന് മന്ത്രി എം.എം.മണി മാധ്യമങ്ങളോടു പറഞ്ഞു. തുടർനടപടികൾ പിന്നീട് തീരുമാനിക്കുമെന്നും എന്തു നടപടികളുണ്ടായാലും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.