വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാമെന്ന് എംഎം മണി

242

തിരുവനന്തപുരം: വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാമെന്ന് വൈദ്യുതി മന്ത്രി എംഎം മണി.വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയില്‍ പോലും എഴുതാന്‍ അറിയാത്തയാളാണ് വൈദ്യുതി മന്ത്രിയായിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് ഫേസ്ബുക്കിലൂടെയാണ് മന്ത്രി മറുപടി നല്‍കിയത്. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്ബന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ടെന്നും കുറിപ്പില്‍ പറയുന്നു.കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുന്നതും, എല്ലാ കാര്‍ഷിക വിളകള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവില്‍ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യമെന്നും എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

NO COMMENTS

LEAVE A REPLY