ഡാമുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം തെറ്റെന്ന് എം എം മണി

218

തിരുവനന്തപുരം : ഡാമുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് മന്ത്രി എം എം മണി. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല എന്ന് പറയുന്നത് തെറ്റാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡാമുകള്‍‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം വസ്തുതകള്‍‍ക്ക് നിരക്കാത്തത്

മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്.

മഴയുടെ സാധ്യത പ്രവചിക്കുന്ന ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റിന്റെ (IMD) കാലാവസ്ഥാ പ്രവചനങ്ങളെയും മുന്‍വര്‍ഷങ്ങളില്‍ ലഭിച്ച നീരൊഴുക്കിന്റെ അളവിനെയും പ്രതിദിനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നീരൊഴുക്കിനെയും അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി.-യുടെ ഡാമുകളില്‍ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം ക്രമീകരിക്കുന്നതും.

IMD-യുടെ മുന്നറിയിപ്പ് എങ്ങനെയായിരുന്നു?

കാലവര്‍ഷത്തെ കുറിച്ച് സാധാരണ പോലെ ഈ വര്‍ഷവും ഏപ്രില്‍ മാസം ജൂണ്‍ – സെപ്തംബര്‍ മാസത്തേക്കുള്ള ആദ്യഘട്ട ദീര്‍ഘകാല കാലാവസ്ഥാ പ്രവചനം നല്‍കിയിരുന്നു. ശേഷം 2018 മെയ് 30ന് രണ്ടാം ഘട്ട പ്രവചനവും IMD നല്‍കി. ഈ രണ്ട് പ്രവചനത്തിലും തെക്ക് -പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണഗതിയിലാകും ലഭിക്കുക എന്നായിരുന്നു, അതായത് ദീര്‍ഘകാല ശരാശരിയുടെ 96 മുതല്‍ 104 ശതമാനം വരെ. തെക്കേ ഇന്ത്യയിലാകട്ടെ അത് 95 ശതമാനമാകുമെന്നും പ്രവചിച്ചിരുന്നു. IMD യുടെ രണ്ടാം പാദത്തിലേക്കുള്ള പ്രവചനം ആഗസ്റ്റ് 3 ന് പുറത്തിറക്കിയിരുന്നതിലും ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ളത് ശരാശരി മഴയെന്നായിരുന്നു.

ദീര്‍ഘകാല പ്രവചനത്തിന് പുറമേ, ആഴ്ചയടിസ്ഥാനത്തിലും ദിവസാടിസ്ഥാനത്തിലും IMD മുന്നറിയിപ്പ് പുറത്തിറക്കാറുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ ജലവിഭവ ഉപയോഗക്രമത്തില്‍ അവസാന ഘട്ടത്തിലെ ചെറിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാത്രമേ സഹായകരമാകൂ.

ജൂലൈ 26-ന്റെ പ്രതിവാര ബുള്ളറ്റിനില്‍ ആഗസ്റ്റ് 2 മുതല്‍ 8 വരെയുള്ള വാരത്തില്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും തേക്കേ അറ്റം ഉള്‍പ്പെടുന്ന ഉപദ്വീപിലും സാധാരണത്തേതില്‍ നിന്നും കൂടിയ മഴ തുടരാന്‍ സാദ്ധ്യതയുണ്ടെന്നത് മാത്രമാണ് കേരളത്തെ സംബന്ധിച്ച് ഇതിലുള്ള പ്രസക്തമായ ഏക പരാമര്‍ശം. ഈ ബുള്ളറ്റിനിലും കനത്ത മഴ പ്രവചിച്ചിരുന്നില്ല.

ഓഗസ്റ്റ് 9-ന് IMD ഇറക്കിയ മുന്നറിയിപ്പില്‍, ഓഗസ്റ്റ് 9 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴ (115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ) ലഭിക്കാന്‍ സാധ്യതയുള്ളത് ഓഗസ്റ്റ് 9 ന് മാത്രമാണെന്നും ബാക്കി ദിവസങ്ങളില്‍ പരമാവധി 115.5 മില്ലീമീറ്റര്‍ വരെ മാത്രമേ മഴ ലഭിക്കൂ എന്നുമായിരുന്നു. അതി തീവ്ര മഴ (204.40 മില്ലീമീറ്ററില്‍ അധികം) കേരളത്തില്‍ പ്രവചിച്ചിരുന്നുമില്ല.

IMD-യുടെ സാധാരണയായുള്ള പ്രവചനത്തിനപ്പുറം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായ ഒരു മുന്നറിയിപ്പും ഈ ബുള്ളറ്റിനുകളില്‍ ഇല്ലായിരുന്നു. ഈ മുന്നറിയിപ്പനുസരിച്ച് ആഗസ്റ്റ് ആദ്യവാരത്തില്‍പ്പോലും പ്രളയത്തിന് കാരണമാകാവുന്ന നിലയില്‍ അതികഠിനമായ മഴയുടെ സൂചന പോലും കേരളത്തില്‍ ഉണ്ടായിരുന്നില്ല.

ഡാമുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍

ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെ എസ്ഇബി യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല എന്നും യഥാസമയം മുന്നറിയിപ്പുകള്‍ നല്കിയില്ല എന്ന് പറയുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

യഥാര്‍ത്ഥത്തില്‍ ജൂലൈ മാസം മുതല്‍ തന്നെ കേരളത്തില്‍ പൊതുവിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ലഭിച്ചത് IMD പ്രവചനത്തില്‍ നിന്നും വ്യത്യസ്തമായി ശക്തമായ മഴയായിരുന്നു.

ഇതിനെ തുടര്‍ന്ന് ജൂലൈ രണ്ടാം വാരമായപ്പോള്‍ തന്നെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിച്ചിരുന്നു. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ചെറുകിട ജലവൈദ്യുത നിലയങ്ങളും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിച്ചു. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, ലോവര്‍‍ പെരിയാര്‍, കക്കയം, മൂഴിയാര്‍, പൊരിങ്ങല്‍, ഷോളയാര്‍, ബാണാസുരസാഗര്‍ തുടങ്ങിയവയെല്ലാം ജൂലൈയില്‍ തന്നെ തുറന്ന് വിടുകയും ചെയ്തിരുന്നു.

ജൂലൈ മാസം 16 വരെയുള്ള ദിവസങ്ങളില്‍ ഇടുക്കിയില്‍ 153.40ഉം ഇടമലയാറില്‍ 125ഉം പമ്പയില്‍ 120 ഉം കക്കിയില്‍ 188 ഉം ബാണാസുരസാഗറില്‍ 263.60 ഉം മില്ലീമീറ്റര്‍ പരമാവധി മഴ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ മഴയിലും നീരൊഴുക്കിലും ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന്, സാധാരണ കാലവര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം വലിയ ജലവൈദ്യുതി നിലയങ്ങളായ മൂലമറ്റം, ശബരിഗിരി, ഇടമലയാര്‍ എന്നീ പദ്ധതികളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് വലിയ ഡാമുകളിലെ ജലം നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്തിരുന്നു.

മഴ ശക്തിപ്പെടുന്നതും വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25 ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടുകയും സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ഇടുക്കി, പമ്പ, കക്കി, ഇടമലയാര്‍ എന്നീ ഡാമുകള്‍ തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നന്‍കാനുള്ള ജലനിരപ്പുകള്‍ തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ച് ജില്ലാ ഭരണാധികാരികളെയും ദുരന്ത നിവാരണ അതോറിറ്റിയെയും യഥാസമയങ്ങളില്‍ അറിയിച്ച് ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കാന്‍ ഡാം സേഫ്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

ഇതനുസരിച്ച് സമയാസമയങ്ങളില്‍‍ വിവിധ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. കക്കിയില്‍ ജൂലൈ 24 ന് ബ്ലൂ അലര്‍ട്ടും ഓഗസ്റ്റ് 3 ന് ഓറഞ്ച് അലര്‍ട്ടും നല്‍കി. റെഡ് അലര്‍ട്ട് നല്‍കിയത് ഓഗസ്റ്റ് 8 നാണ്. പമ്പയില്‍ ജൂലൈ 17ന് ബ്ലൂ അലര്‍ട്ടും 26-ന് ഓറഞ്ച് അലര്‍ട്ടും നല്‍കിയെങ്കിലും മഴ കുറഞ്ഞതിനാല്‍ ഓറഞ്ച് അലര്‍ട്ട് 30-ന് പിന്‍വലിച്ചു. എന്നാല്‍ മഴ ശക്തിപ്പെട്ടതോടെ ഓഗസ്റ്റ് 9 ന് വീണ്ടും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. അന്നുതന്നെ റെഡ് അലര്‍ട്ടും വേണ്ടി വന്നു. ഇടുക്കിയില്‍ ജൂലൈ 26-ന് ബ്ലൂ അലര്‍ട്ടും 30-ന് ഓറഞ്ച് അലര്‍ട്ടും ഓഗസ്റ്റ് 9 ന് റെഡ് അലര്‍ട്ടും നല്‍കിയിരുന്നു. ഇടമലയാറിലാകട്ടെ ജൂലൈ 25-ന് ബ്ലൂ, ഓഗസ്റ്റ് 1 ന് ഓറഞ്ച്, ഓഗസ്റ്റ് 8 ന് റെഡ് എന്നിങ്ങനെയാണ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നത്. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളില്‍‍ അലര്‍ട്ടുകള്‍ നല്‍കിയതിനു ശേഷമാണ് ഡാമുകള്‍ വിവിധ ദിവസങ്ങളിലായി തുറന്നത്. ഒരു ഡാമും രാത്രികാലങ്ങളില്‍ തുറന്നിട്ടില്ല.

എന്നാല്‍ ബാണാസുരസാഗര്‍ ഡാമിനെ സംബന്ധിച്ച് ഇത്തരത്തില്‍ അലര്‍ട്ടുകള്‍ കൊടുത്ത് കാത്തിരിക്കാന്‍ നിര്‍വാഹമില്ല. കാരണം ബാണാസുരസാഗര്‍ ഡാം മണ്ണ് കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലും മാക്സിമം റിസര്‍വോയര്‍ ലെവലും ഒന്ന് തന്നെയാണ്. അത് കൊണ്ട് തന്നെ പരമാവധി ജലനിരപ്പിന് മുകളിലായി വെള്ളം ഡാമില്‍ പിടിച്ച് നിര്‍ത്തുന്നത് ഡാമിന്റെ സുരക്ഷയെ തന്നെ ബാധിക്കും. ആയതിനാല്‍ പരമാവധി നിരപ്പിന് മുകളില്‍ വെള്ളം എത്തിയാല്‍ പിന്നീട് ഒഴുകി വരുന്ന മുഴുവന്‍ ജലവും പുഴയിലേക്ക് ഒഴുക്കിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.

ഇത്തരത്തില്‍ ജലനിരപ്പ് പരമാവധി വരെ ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജൂലൈ മാസം 14 മുതല്‍ ആഗസ്റ്റ് 5 വരെ ബാണാസുരസാഗര്‍ ഡാമില്‍ നിന്നും വെള്ളം തുറന്ന് വിട്ട് പുറത്തേക്ക് ഒഴുക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും ജില്ലാ ഭരണാധികാരികള്‍ക്കും കൃത്യമായ അറിയിപ്പ് നല്കിയതിന് ശേഷമാണ് ബാണാസുരസാഗര്‍ ഡാമും തുറന്ന് വിട്ടത്. ഡാമിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായ സാഹചര്യത്തില്‍ ഓഗസ്റ്റ് 5-ന് ഡാമില്‍ നിന്നും പുറത്തേക്ക് വെള്ളം ഒഴുക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 6-ന് വൈകുന്നേരം മുതല്‍ വൃഷ്ടിപ്രദേശത്ത് വീണ്ടും അതി തീവ്രതയോടെയുള്ള മഴ ആരംഭിച്ചത് ഡാമിലേക്കുള്ള നീരൊഴുക്കില്‍ വന്‍ വര്‍ദ്ധനയുണ്ടാക്കി. ഇത് മൂലം ഓഗസ്റ്റ് 7-ന് രാവിലെ വീണ്ടും ഡാം തുറക്കേണ്ടി വന്നു. ഇത് പല ഘട്ടങ്ങളിലായി 10 സെന്റീമീറ്റര്‍‍ മുതല്‍‍ ചെറിയ അളവില്‍‍ നിന്ന് ഏകദേശം 59 മണിക്കൂര്‍‍കൊണ്ടാണ് പരമാവധി 290 സെന്റീമീറ്ററായി ഡാം ഷട്ടറിന്റെ വിടവ് വര്‍‍ദ്ധിപ്പിച്ചത്. ഇങ്ങനെ വളരെ അടിയന്തിരമായി ഡാം തുറക്കേണ്ടിവരുന്ന സാഹചര്യം ജില്ലാ ഭരണാധികാരികളെ ഇമെയില്‍ അടക്കമുള്ള അടിയന്തിര സന്ദേശം വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഡാമുകള്‍ തുറന്നതാണോ പ്രളയത്തിന് കാരണമായത്?

കെ.എസ്.ഇ.ബിക്ക് എതിരായി ഉയരുന്ന മറ്റൊരു ആരോപണം പ്രളയത്തിനു കാരണമായത് ഡാമുകള്‍ എല്ലാം ഒരുമിച്ച് തുറന്നതാണെന്നായിരുന്നു. വസ്തുതകള്‍ പരിശോധിച്ചാല്‍ ഈ ആരോപണവും ശരിയല്ല എന്ന് കാണാം.

കെ.എസ്.ഇ.ബി-യുടെ ചെറു ഡാമുകളെല്ലാം ജൂലൈ മാസം മുതല്‍ തന്നെ തുറന്ന് വിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കിയ നിലയിലായിരുന്നു. ഓഗസ്റ്റ് മാസത്തില്‍ മാത്രമാണ് വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായത്. ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഡാമുകള്‍ തുറക്കുമ്പോള്‍ സംഭരിച്ച് വെച്ച ജലമല്ല പുറത്തേക്ക് ഒഴുക്കുന്നത്. മറിച്ച് വന്‍ മഴയെ തുടര്‍ന്ന് വര്‍ദ്ധിച്ച തോതില്‍ ലഭിക്കുന്ന അധിക നീരൊഴുക്കിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ അധിക നീരൊഴുക്ക് മുഴുവനും സമതലങ്ങളിലേക്ക് പ്രവഹിക്കും.

IMD-യുടെ ദീര്‍ഘകാല പ്രവചനങ്ങളെയും രണ്ടാംപാദ പ്രവചനങ്ങളെയും അസ്ഥാനത്താക്കി ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ലഭിച്ച മഴയാണ് ഡാമുകളിലേക്കും സമതലങ്ങളിലേക്കും അമിതമായ പ്രളയ ജലം എത്തിക്കാന്‍ ഇടയാക്കിയത്. ഓഗസ്റ്റ് 7 മുതല്‍ 20 വരെ പ്രധാനപ്പെട്ട ഡാമുകളില്‍ ലഭിച്ച മഴയുടെ കണക്ക് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഇടുക്കിയില്‍ 1645, ഇടമലയാറില്‍ 1234, പമ്പയില്‍ 1066, കക്കിയില്‍ 1800, ബാണാസുരസാഗറില്‍ 2598 മില്ലീമീറ്റര്‍ എന്ന അളവിലാണ് മഴ ലഭിച്ചത്.

ഇത്ര രൂക്ഷമായി മഴ പെയ്തത് മൂലം ഡാമിലേക്കുള്ള നീരൊഴുക്കില്‍ വലിയ തോതിലുള്ള വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.എന്നാല്‍ ഇങ്ങനെ ഒഴുകിയെത്തിയ വെള്ളം പോലും പൂര്‍ണതോതില്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് ഒഴിക്കിവിട്ടിരുന്നില്ല. ഡാമിന് പുറത്തുള്ള സമതലങ്ങളിലും പുഴയോരങ്ങളിലും പെയ്ത മഴ മൂലമുണ്ടായ വെള്ളമാണ് പല പ്രദേശങ്ങളിലും പ്രളയം അതിരൂക്ഷമാക്കിയത് എന്ന് ചില കണക്കുകള്‍‍ പരിശോധിച്ചാല്‍‍ വ്യക്തമാകും.

പെരിയാറിലെ വെള്ളപ്പൊക്കം

പ്രളയം ഏറ്റവും രൂക്ഷമായ ഓഗസ്റ്റ് 14 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഇടുക്കി ഡാമില്‍ 1186 മില്ല്യന്‍ ക്യുബിക് മീറ്റര്‍ (എംസിഎം) പ്രളയജലം ഒഴുകിയെത്തിയപ്പോള്‍ അവിടെ നിന്നും പെരിയാറിലേക്ക് തുറന്ന് വിട്ടത് 525 എംസിഎം വെള്ളം മാത്രമാണ്. അതായത് 661 എംസിഎം ജലം ഇടുക്കി ഡാമില്‍ തടഞ്ഞു നിര്‍ത്തി. ഇത്തരത്തില്‍ ഡാമില്‍ കുറച്ച ജലം തടഞ്ഞു നിര്‍ത്തിയത് കാരണം പെരിയാറ്റിലെ ഒഴുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനും പ്രളയക്കെടുതി അത്ര കണ്ട് കുറയ്കാനും കഴിഞ്ഞിട്ടുണ്ട്.

ഇടുക്കി ഡാമിലേക്കുണ്ടായ ശക്തമായ നീരൊഴുക്കിന് പുറമേ, മുല്ലപ്പെരിയാറില്‍ നിന്നും പരമാവധി 760 മില്ല്യന്‍ ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്റ് (ക്യുമെക്സ്) വെള്ളം കൂടി ഇടുക്കി ഡാമില്‍ എത്തിയിട്ടും ഇടുക്കി അണക്കെട്ടില്‍ നിന്നും പെരിയാറിലേക്ക് തുറന്നു വിട്ടത് പരമാവധി 1600 ക്യുമെക്സ് എന്ന തോതില്‍‍ മാത്രമായിരുന്നു. ഇടമലയാറില്‍ നിന്ന് പെരിയാറിലേക്ക് തുറന്നു വിട്ട പരമാവധി വെള്ളമായ 1400 ക്യുമെക്സും കൂടി ചേര്‍ന്ന് ആകെ പരമാവധി 2900 ക്യുമെക്സ് എന്ന തോതില്‍‍ വെള്ളം ഭൂതത്താന്‍കെട്ട് ബാരേജിലെത്തിയതിന് ശേഷമാണ് പെരിയാറിന്റെ താഴ്ഭാഗങ്ങളിലേക്ക് ഒഴുകുന്നത്. പ്രളയം രൂക്ഷമായ സമയത്ത് ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും പെരിയാറിലേക്ക് ഒഴുകിയ വെള്ളത്തിന്റെ തോത് 7700 ക്യുമെക്സ് ആയിരുന്നു എന്നാണ് കാണുന്നത്. ഈ ചിത്രം വ്യക്തമാക്കുന്നത് ഭൂതത്താന്‍കെട്ടില്‍ നിന്നും പെരിയാറിലേക്ക് ഒഴുകിയ വെള്ളത്തിന്റെ 37% മാത്രമായിരുന്നു ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും വന്നത്. ഭൂതത്താന്‍കെട്ട് ബാരേജിന് താഴെയും നദിയിലേക്ക് വെള്ളം എത്തുന്നുണ്ട്. പെരിയാര്‍ നദിയുടെ വൃഷ്ടി പ്രദേശത്തിന്റെ 56% മാത്രമേ ഭൂതത്താന്‍കെട്ടിന് മുകളിലുള്ളൂ. ബാക്കി 44% വും ബാരേജിന് താഴെയുള്ള പ്രദേശങ്ങളിലാണ്. ഈ പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തിയ വെള്ളം കൂടി കണക്കിലെടുത്താല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിനു കാരണമായതില്‍ ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന് ചെറിയ ഒരു പങ്ക് മാത്രമേ ഉണ്ടായിരുന്നു എന്ന് വ്യക്തമാകും.

ഇത് ഇടുക്കിയിലെ മാത്രം സ്ഥിതിയല്ല. മറ്റൂ പ്രദേശങ്ങളിലും പ്രളയക്കെടുതി രൂക്ഷമാക്കിയതിന് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന് വലിയ പങ്കില്ല എന്നും കുറെയെങ്കിലും പ്രളയക്കെടുതി കുറയ്കാനാണ് ഡാമുകള്‍ സഹായകമായത് എന്നും കാണാം.

പമ്പയാറ്റിലെ പ്രളയം

പമ്പ, കക്കി ഡാമുകളില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന് പുറമേ ശബരിഗിരി, കക്കാട് എന്നീ ജല വൈദ്യുതി നിലയങ്ങളില്‍ നിന്ന് ഉല്‍പാദനത്തിനു ശേഷം പുറത്തു വരുന്ന വെള്ളവും കൂടിയാണ് പമ്പാ നദിയില്‍ എത്തുന്നത്. പ്രളയം രൂക്ഷമായ, ആഗസ്റ്റ് 15, 16 തീയതികളില്‍ പമ്പ ഡാമില്‍ നിന്ന് 249 ക്യുമെക്സ് , കക്കിയില്‍ നിന്ന് 844, ശബരിഗിരിയില്‍ നിന്ന് 330, കക്കാട് നിന്ന് 50 എന്നീ തോതിലായിരുന്നു പമ്പയാറ്റില്‍ എത്തിയ വെള്ളം – ആകെ 1473 ക്യുമെക്സ് എന്ന തോതില്‍.

പമ്പ, കക്കി ഡാമുകള്‍ക്ക് താഴെ പമ്പാനദിയുടെ രണ്ടു കൈവഴികളില്‍ റാന്നി – പെരുനാട്, പെരുന്തേനരുവി എന്നിവിടങ്ങളില്‍ നദിയിലെ നീരൊഴുക്ക് അളക്കുന്നതിനുള്ള റിവര്‍ഗേജ് സംവിധാനങ്ങളുണ്ട്. റാന്നി-പെരുനാടില്‍ 2600 ക്യുമെക്സും പെരുന്തേനരുവിയില്‍ 2480 ക്യുമെക്സുമാണ് അളക്കാവുന്ന പരിധി. ഈ രണ്ടു റിവര്‍ഗേജുകളും ആഗസ്റ്റ് 15, 16 തീയതികളില്‍‍ കവിഞ്ഞ് ഒഴുകുകയായിരുന്നു. അതായത് പമ്പ നദിയില്‍ ആകെ ഒഴുകിയ വെള്ളം 5080 ക്യുമെക്സിലും അധികമായിരുന്നു. ഇതില്‍ പമ്പ, കക്കി ഡാമുകളില്‍ നിന്നും വൈദ്യുതി നിലയങ്ങളില്‍ നിന്നുമായി ആകെ പമ്പയാറ്റിലെത്തിയ 1473 ക്യുമെക്സ് എന്നത് പമ്പാനദിയിലൂടെ ഒഴുകിയ ആകെ വെള്ളത്തിന്റെ 29% ത്തില്‍ താഴെ മാത്രമായിരുന്നു. ഇതും സൂചിപ്പിക്കുന്നത് ഡാമുകളില്‍ നിന്നുള്ള വെള്ളമായിരുന്നില്ല പ്രളയം രൂക്ഷമാക്കിയത് മറിച്ച് പമ്പാനദിയില്‍ സ്വാഭാവികമായി എത്തിയ മഴവെള്ളമായിരുന്നു എന്നതാണ്.

വയനാട്

വയനാട്ടിലുണ്ടായ പ്രളയം ബാണാസുരസാഗര്‍ അണക്കെട്ട് തുറന്ന് വിട്ടുണ്ടായതാണെന്ന ആരോപണത്തിലും കഴമ്പില്ല എന്ന് ചില കണക്കുകള്‍ പരിശോധിച്ചാല്‍ കാണാം. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ 442.60 മില്ലിമീറ്റര്‍ രേഖപ്പെടുത്തിയത് ആഗസ്റ്റ് 9-നായിരുന്നു. വയനാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കുന്നതിന് കബനീ നദിയില്‍ കര്‍ണ്ണാടക നിര്‍മ്മിച്ചിരിക്കുന്ന ബീച്ചനഹള്ളി ഡാമിലേക്ക് ബാണാസുരസാഗര്‍ ഡാമില്‍ നിന്ന് അന്ന് പോയത് 19.67 എംസിഎം വെള്ളമാണ്. എന്നാല്‍ അന്നേ ദിവസം കബനീനദി വഴി ബീച്ചനഹള്ളി ഡാമിലേക്ക് ആകെ ഒഴുകിയെത്തിയത് 170 എംസിഎമ്മുമായിരുന്നു. ഇത് വ്യക്തമാക്കുന്നത് കബനിയുടെ വയനാട് ഭാഗത്ത് ഒഴുകിയ വെള്ളത്തിന്റെ വെറും 12% മാത്രമായിരുന്നു ബാണാസുരസാഗറില്‍ നിന്നും ഒഴുകിയത് എന്നാണ്.

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ താഴ്വാരത്തില്‍ കേന്ദ്ര ജലക്കമ്മീഷന്റെ അധീനതയിലുള്ള മുത്തങ്കര റിവര്‍ഗേജ് സ്റ്റേഷനിലെ വിവരമനുസരിച്ച്, അത് വഴി ഓഗസ്റ്റ് 7,8,9 തീയതികളില്‍ ജലം ഒഴുകിയത് 564, 1018, 2250 ക്യുമെക്സ് എന്ന തോതിലായിരുന്നു. അതോടൊപ്പം ജില്ലയിലെ തന്നെ മാനന്തവാടി റിവര്‍ഗേജ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ വെള്ളത്തിന്റെ അളവ് 371, 1019, 1100 ക്യുമെക്സ് എന്ന തോതിലുമായിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ ബാണാസുരസാഗറില്‍ നിന്നും പുറത്തേക്ക് വിട്ടത് പരമാവധി 246 ക്യുമെക്സ് ജലം എന്ന തോതില്‍ മാത്രമായിരുന്നു എന്നും കാണേണ്ടതുണ്ട്.

ഡാമില്‍ നിന്നുള്ള വെള്ളമെത്താത്ത കല്‍പ്പറ്റ അടക്കമുള്ള നഗര പ്രദേശങ്ങളില്‍‍ പോലും പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി എന്ന് മാത്രമല്ല, ഓഗസ്റ്റ് 8 ന് രാവിലെ മുതല്‍ തന്നെ ടൗണിലെ നാഷണല്‍ ഹൈവേയിലടക്കം വെള്ളം പൊങ്ങി മാര്‍ഗതടസ്സമുണ്ടായിയെന്നും കാണാം.

ഇവയെല്ലാം സൂചിപ്പിക്കുന്നത് വയനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കിയതില്‍ ബാണാസുരസാഗര്‍ ഡാം പ്രത്യേകിച്ച് യാതൊരു പങ്കും വഹിച്ചിട്ടില്ല എന്ന് തന്നെയാണ്.

ഇടുക്കിയിലെ ട്രയല്‍ റണ്‍ മാറ്റിയതെന്തിന് ?

ഇടുക്കിയില്‍ 2397 അടി ജലനിരപ്പ് എത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു തീരുമാനിച്ചത്. ഓഗസ്റ്റ് 8 രാത്രിയില്‍ ഈ നിരപ്പ് എത്തുകയും ചെയ്തു. അന്നേ ദിവസം തന്നെ ഇടമലയാറില്‍ പൂര്‍ണ ജലനിരപ്പായ 169 മീറ്ററില്‍ നിന്നും ഉയര്‍ന്ന് 169.95 വരെ എത്തുകയും, അതിനാല്‍ തന്നെ റെഡ് അലര്‍ട്ട് നല്‍കി ഇടമലയാര്‍‍‍‍ ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യവും ഉണ്ടായി.

ഇടമലയാറില്‍ നിന്നും ഇടുക്കിയില്‍ നിന്നും വരുന്ന വെള്ളം പെരിയാറിലൂടെ ഒരുമിച്ചാണ് ഒഴുകേണ്ടി വരുന്നത് എന്നതിനാല്‍, ഇടമലയാര്‍ ഡാം തുറന്നതിന്റെ ആഘാതം മനസ്സിലാക്കിയതിന് ശേഷം മതിയാകും ഇടുക്കി ഡാം തുറക്കുന്നത് എന്ന പൊതു നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ഇടുക്കിയിലെ ട്രയല്‍ റണ്‍ ഏതാനും മണിക്കൂറുകള്‍ മാറ്റി വെച്ചത്. അങ്ങിനെയാണ് ഓഗസ്റ്റ് 9-ന് എല്ലാ മുന്നറിയിപ്പുകളോടും കൂടി ഉച്ചയ്ക്ക് 12.30-ന് 50 ക്യുമെക്സ് വെള്ളം തുറന്ന് വിട്ട് ട്രയല്‍ റണ്‍ നടത്തിയത്. നാല് മണിക്കൂര്‍ നേരത്തെ ട്രയല്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ജലനിരപ്പ് റെഡ് അലര്‍ട്ട് നിരപ്പായ 2399 ഉം കഴിഞ്ഞ് 2401.10 അടി ആയി ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ഓഗസ്റ്റ് 10 ന് രാവിലെ എട്ട് മണി മുതല്‍ വെള്ളമൊഴുക്കല്‍ തുടരേണ്ടി വന്നു. ഇത്തരത്തില്‍ ട്രയല്‍ റണ്‍ ഏതാനും മണിക്കൂറുകള്‍ മാറ്റി വെച്ചുവെന്നത് ഏതെങ്കിലും തരത്തിലെ പ്രശ്നം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല പെരിയാറിലെ പ്രളയത്തിന്റെ തീവ്രത ആദ്യദിവസമെങ്കിലും ചെറുതായി കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്.

ഷോളയാറില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് പോകുന്ന വെള്ളം ഇടമലയാറിലേക്ക് തിരിച്ചു വിടുന്ന വാച്ച്മരം ഗേറ്റ് അടക്കാഞ്ഞതാണ് ഇടമലയാര്‍ പെട്ടെന്ന് നിറയാന്‍ ഇടയാക്കിയത് എന്ന തരത്തിലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വാച്ച്മരത്ത് ജലനിയന്ത്രണത്തിനായി ഗേറ്റ് സ്ഥാപിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൊരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞ് ചാലക്കുടി പുഴയിലേക്ക് ഒഴുകുമ്പോള്‍ വെള്ളം നഷ്ടമാകാതിരിക്കാന്‍ വെള്ളത്തിന്റെ ഒരു ഭാഗം ഇടമലയാറിലേക്ക് എത്തിക്കാന്‍ ഉണ്ടാക്കിയ ഒരു ഡൈവേര്‍ഷന്‍ സംവീധാനം ആണ് വാച്ച്മരത്ത് ഉള്ളത്. ഈ പൈപ്പുകളിലൂടെ കുറച്ചു വെള്ളം ഇടമലയാറില്‍ എത്തുമെന്നത് വസ്തുതയാണ്. അല്ലെങ്കില്‍ ചാലക്കുടിപ്പുഴയില്‍ പോകുന്ന വെള്ളമാണിത്. ഈ സംവിധാനം അടക്കാനുള്ള യാതൊരു മാര്‍‍‍ഗ്ഗവും വാച്ച്മരത്തില്ല എന്നത് കൂടി അറിയിക്കുകയാണ്.

ഡാമുകള്‍ നേരത്തേ തുറക്കാത്തത് എന്ത് കൊണ്ട് ?

വന്‍തോതില്‍ മഴയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് നേരത്തെ തന്നെ ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടണമായിരുന്നു എന്നും അത് ചെയ്യാതിരുന്നതാണ് പ്രളയം രൂക്ഷമാക്കിയത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രത്യേകിച്ചും ഇടുക്കി ഡാമിലെ ഷട്ടറുകള്‍ 2397 അടി വരെ എത്തുന്നതിന് മുമ്പായി തന്നെ തുറക്കാമായിരുന്നു എന്നാണ് പറയുന്നത്. ഇടുക്കി ഡാമിന്റെ ഷട്ടറിന്റെ ഏറ്റവും താഴെ ഭാഗം അതായത് ഷട്ടര്‍ ആരംഭിക്കുന്നത് (ക്രെസ്റ്റ്) 2373അടി നിരപ്പിലാണ്. അതായത് ഡാമിലെ ജലനിരപ്പ് 2373 അടിക്ക് മുകളില്‍ എത്തിയാല്‍ മാത്രമേ ഷട്ടര്‍ തുറന്നാലും അത് വഴി വെള്ളം ഒഴുകിത്തുടങ്ങുകയുള്ളു. ഇടുക്കി ഡാമില്‍ 2373 അടി ജലനിരപ്പ് എത്തിയത് ജൂലൈ 17-നാണ്. അതായത് ജൂലൈ 17-ന് ശേഷം എന്ന് വേണമെങ്കിലും വെള്ളം തുറന്ന് വിടാമായിരുന്നു എന്നാണ് വാദം. ചെറുതോണി പാലത്തിനടിയിലൂടെ പാലത്തിന് അപകടം വരുത്താത്ത തരത്തില്‍ ചെറിയ ഒരളവ് ജലം 50 മുതല്‍ 100 ക്യുമെക്സ് വരെ വെള്ളം മാത്രമേ തുറന്ന് വിടാന്‍ കഴിയുമായിരുന്നുള്ളു. ഈ സാഹചര്യത്തില്‍ മുന്‍കൂറായി തുറന്നിരുന്നാലും കുറേയേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതും ആവശ്യമാകുമായിരുന്നു. ഓഗസ്റ്റ് മാസം വലിയ തോതില്‍ മഴയുണ്ടാകുമെന്ന സങ്കല്‍പ്പത്തില്‍ ജൂലൈ 17 മുതല്‍ തന്നെ ഏകദേശം 50 ക്യുമെക്സ് വെള്ളം തുറന്നു വിട്ടിരുന്നു എങ്കില്‍ യഥാര്‍ത്ഥത്തില്‍ ഡാം തുറക്കേണ്ടി വന്ന ഓഗസ്റ്റ് 9 വരെ ആകെ 95 എംസിഎം വെള്ളം മാത്രമാകും ഡാമില്‍ നിന്നും ഒഴുക്കിക്കളയാന്‍‍ സാധ്യമാകുമായിരുന്നത്.

എന്നാല്‍ ഇത്തരത്തില്‍ മുന്‍കൂട്ടി വെള്ളം ഒഴുക്കിക്കളയാതെ, യഥാര്‍ത്ഥത്തില്‍ ഡാം തുറന്ന കണക്കനുസരിച്ച് ഓഗസ്റ്റ് 9 മുതല്‍ 28 വരെ മാത്രം ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കേണ്ടി വന്ന വെള്ളത്തിന്റെ അളവ് 939 എം.സി.എം. ആണ്. അതായത് മുന്‍കൂട്ടി ഒഴുക്കിക്കളയാമായിരുന്ന പരമാവധി വെള്ളം ഇത് വരെ ആകെ തുറന്നു വിട്ട വെള്ളത്തിന്റെ കേവലം 10% മാത്രമായിരിക്കും.

അങ്ങനെ മുന്‍കൂട്ടി വെള്ളം ഒഴുക്കിക്കളയുകയും പ്രതീക്ഷിച്ചത് പോലെ വലിയ മഴ വരാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അനാവശ്യമായി വെള്ളം തുറന്ന് വിട്ട് വൈദ്യുതി പ്രതിസന്ധി സൃഷ്ടിചു എന്ന ആരോപണവും കേള്‍ക്കേണ്ടി വന്നേനെ.

വൈദ്യുതി ബോര്‍ഡ് നേരിട്ട പ്രതിസന്ധി

ഡാമുകളൊക്കെ നിറഞ്ഞു കവിഞ്ഞതിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായതെന്ന ധാരണയും പൊതുവില്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മെച്ചപ്പെട്ട മഴ ലഭിച്ചത് ജല വൈദ്യുതി ഉല്‍പാദനം കൂട്ടാന്നും ഡാമുകളില്‍ പരമാവധി ജലം ശേഖരിക്കാനും സഹായകരമായിട്ടുണ്ട് എന്നത് വസ്തുതയാണ്.

എന്നാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ മുപ്പതു ശതമാനം വൈദ്യുതിയേ കേരളത്തിനുള്ളിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ സാധ്യമാകുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം പേമാരിയിലും വെള്ളപ്പൊക്കത്തിലും കെ എസ് ഇ ബി ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. 5 വലിയ ജലവൈദ്യുതി നിലയങ്ങള്‍ തകരാറിലായി. 50 സബ്സ്റ്റേഷനുകള്‍ പ്രളയജലം കയറി നിര്‍ത്തി വെച്ചു. നാല് ചെറുകിട വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. 16158 ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തു. 30000 പോസ്ടുകള്‍ മറിഞ്ഞു. 4000 കിലോമീറ്റര്‍ അനുബന്ധ ലൈനുകളും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലിലും മറ്റുമായി നിരവധി ഇടങ്ങളില്‍ വൈദ്യുതി ലൈനുകള്‍ തന്നെ ഒലിച്ചു പോയി. 25 ലക്ഷത്തിലധികം വൈദ്യുതി കണക്ഷനുകള്‍ നഷ്ടമായി. പ്രതിഷ്ഠാപനങ്ങള്‍ക്ക് ഉണ്ടായ പ്രാഥമിക നഷ്ടമായി കണക്കാക്കുന്നത് 350 കോടി രൂപയാണ്. ഇത് കൂടാതെ പദ്ധതികളില്‍ ഉണ്ടായ ഉല്‍പാദന നഷ്ടം കൂടി കണക്കിലെടുത്താല്‍ പ്രളയം മൂലം കെ.എസ്.ഇ.ബി.ക്കുണ്ടായ ആകെ നഷ്ടം 820 കോടി രൂപയിലധികമാണ്.

ഇവയെല്ലാം പുനര്‍നിര്‍മിക്കാന്‍ മിഷന്‍-റികണക്ട് എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് കെ.എസ്.ഇ.ബി-യിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍. ഈ ഘട്ടത്തില്‍ വസ്തുതാവിരുദ്ധ വാദങ്ങളുയര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. അതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

NO COMMENTS