പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് എം എം മണി

173

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സക്കാണ് പോയതെന്ന സാമാന്യ മര്യാദ പോലും പരിഗണിക്കാതെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് മന്ത്രി എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് പോകാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍, പ്രളയദുരന്തം ഉണ്ടായതിനെത്തുടര്‍ന്നു മുഖ്യമന്ത്രി തന്റെ ആരോഗ്യം പരിഗണിക്കാതെ ചികിത്സക്ക് പോകുന്നത് മാറ്റിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയുണ്ടായി. അത് ആഗോളതലത്തില്‍ത്തന്നെ പ്രശംസ പിടിച്ചുപറ്റിയതാണ്. പ്രളയദുരന്തം നിയന്ത്രണവിധേയമായെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് മുഖ്യമന്ത്രി ചികിത്സക്ക് പോയത്. അതിനുശേഷം എല്ലാ ദിവസവും ഇവിടെ സര്‍ക്കാരുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്.
മുഖ്യമന്ത്രി ചികിത്സക്ക് പോയ അവസരം ഉപയോഗിച്ച് പ്രതിപക്ഷനേതാവും മറ്റ് യു.ഡി.എഫ്. നേതാക്കന്മാരും, ചികിത്സക്കാണ് മുഖ്യമന്ത്രി പോയതെന്ന സാമാന്യമര്യാദ പോലും പരിഗണിക്കാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഭരണം സ്തംഭിച്ചിരിക്കുകയാണ്, കൂട്ടായ പ്രവര്‍ത്തനങ്ങളില്ല, മന്ത്രിമാര്‍തമ്മില്‍ എകോപനമില്ല, മന്ത്രിമാര്‍ അങ്കലാപ്പിലാണ് തുടങ്ങി അടിസ്ഥാനമില്ലാത്ത ദുഷ്പ്രചരണം നടത്തി പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

NO COMMENTS