തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം തന്നെയാണ് വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് കത്തയിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ തന്നെയാണ് അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ശബരിമല പ്രശ്‌നത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായ വിധി നടപ്പിലാക്കണമെന്നും, അതിനാവശ്യമായ സംരക്ഷണം നല്‍കണമെന്നും, സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഉണ്ടാകാവുന്ന സംഘര്‍ഷം ക്രമസമാധാന നില തകര്‍ക്കാതെ നോക്കണമെന്നും നിര്‍ദ്ദേശിച്ച് കത്തയച്ചിരിക്കുകയാണ്. എന്നാല്‍, കോടതി വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. യുടെ നേതാക്കള്‍ തന്നെയാണ് അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതും, നാമജപം എന്ന മറവില്‍ അക്രമം നടത്തുന്നതും എന്നത് വിരോധാഭാസമാണ്. കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് – ബി.ജെ.പി. നേതാക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രധാനമന്ത്രിയോ, കേന്ദ്ര മന്ത്രിമാരോ, ബി.ജെ.പി.യുടെ കേന്ദ്ര നേതൃത്വമോ ശ്രമിക്കുന്നില്ല എന്നത് ഒരുതരം ഇരട്ടത്താപ്പാണ്. ഒരു വശത്തു നിന്ന് കോടതി വിധി നടപ്പാക്കണമെന്ന് പറയുന്നതും മറുവശത്തു നിന്ന് കോടതി വിധി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് പറയുന്നതും ബി.ജെ.പി. തന്നെയാണ്. ഇതിലുള്ള രാഷ്ട്രീയക്കളി ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.