ദില്ലി: ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ബാലപീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് മുന്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവു. സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് നാഗേശ്വര്‍ റാവു അന്വേഷണ ഉദ്യോഗസ്ഥനായ എ കെ ശര്‍മയെ സ്ഥലം മാറ്റിയത്. ഇതിന് മാപ്പ് പറഞ്ഞുകൊണ്ട് റാവു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
തന്‍റെ നടപടിയില്‍ സുപ്രീംകോടതിയോട് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നാണ് നാഗേശ്വര്‍ റാവു പറയുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്ബോള്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ പാടില്ലായിരുന്നുവെന്ന് നാഗേശ്വര്‍ റാവു പറയുന്നു. റാവുവിന്‍റെ സത്യവാങ്മൂലം നാളെ സുപ്രീംകോടതി പരിഗണിക്കും.
കേസില്‍ കോടതി ഇടപെട്ടതിനിടയിലും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തില്‍ നാഗേശ്വര്‍ റാവു നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നേരത്തേ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ സിബിഐ ജോയന്‍റ് ഡയറക്ടറായ എ കെ ശര്‍മയെയാണ് സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വരറാവു സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിയത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വര്‍ റാവു സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെതിരെയും സുപ്രീംകോടതി ആഞ്ഞടിച്ചു.
എ കെ ശര്‍മയെ കഴിഞ്ഞ ജനുവരി 17ാം തീയതി സിആര്‍പിഎഫിലേക്കാണ് നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയത്.എ കെ ശര്‍മയെ മാറ്റിയ തീരുമാനമെടുത്ത പാനലിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് അറിയിക്കാനും ഇപ്പോഴത്തെ സിബിഐ ഡയറക്ടര്‍ റിഷികുമാര്‍ ശുക്ലയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ബിഹാര്‍ ശിശുസംരക്ഷണകേന്ദ്രങ്ങളിലെ പീഡനക്കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് നിര്‍ദശിച്ചിട്ടുള്ളതല്ലേ എന്നും കോടതി ചോദിച്ചു.
ബിഹാറിലെ മുസഫര്‍ പൂരില്‍ ശിശുസംരക്ഷണകേന്ദ്രത്തില്‍ മുപ്പതോളം പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായതായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് നടത്തിയ ഒരു അന്വേഷണറിപ്പോര്‍ട്ടിലൂടെയാണ് പുറംലോകമറിഞ്ഞത്. കേസില്‍ ബിഹാറിലെ മുന്‍ സാമൂഹ്യക്ഷേമമന്ത്രി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വെര്‍മയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് മഞ്ജു വെര്‍മ രാജി വയ്ക്കുകയും ചെയ്തു.
മന്ത്രി മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ ശിശു സംരക്ഷണ കേന്ദ്രത്തിലെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസിലെ പ്രതി ബ്രിജേഷ് താക്കൂറും ഇയാളും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തായി. മഞ്ജു വെര്‍മയെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട് സമ്മര്‍ദ്ദം ശക്തമായതോടെയാണ് നില്‍ക്കക്കള്ളിയില്ലാതായത്.