തിരുവനന്തപുരം: മീസില്‍സ് ആന്‍ഡ് റുബെല്ല വാക്സിന് എടുത്ത പാലാ കടനാട് സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലെ അഞ്ചുകുട്ടികള്‍ ബോധരഹിതരായെന്ന വാര്‍ത്ത വ്യാജമാണെന്ന് ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്.എല്‍.സരിത. വാക്സിന് വിരുദ്ധ കുപ്രചരണങ്ങളുടെ ഭാഗമായി ചില തല്പരകക്ഷികള് മീസില്‍സ് ആന്‍ഡ് റുബെല്ല വാക്സിനേഷന് പദ്ധതിക്കെതിരായി സമൂഹ മാധ്യമങ്ങളിലൂടെ വാസ്തവവിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാല കടനാട് സെന്റ് സെബാസ്റ്റ്യന്‍ സ്കൂളില്‍ എംആര്‍ വാക്സിന് എടുത്ത അഞ്ചോളം പെണ്‍കുട്ടികള്‍ ബോധരഹിതരായി എന്നത് വ്യാജവാര്‍ത്തയാണെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓപീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകളില്‍ വശംവദരാകാതെ കുട്ടികളുടെ ആരോഗ്യത്തിനും സംരക്ഷണത്തിനുമായുള്ള ദൗത്യവുമായി സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.