കൊച്ചി : ഡോളര്‍ കടത്തുകേസില്‍ മൂന്ന് മാസത്തിലേറെയായി റിമാന്‍ഡിലായിരുന്ന മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഡോളര്‍ക്കടത്തും സ്വര്‍ണ്ണക്കടത്തുമടക്കം മൂന്നുകേസ്സുകളിൽ ജാമ്യം ലഭിച്ചതോടെ ശിവശങ്കര്‍ ബുധനാഴ്ച ജയില്‍മോചിതനായി.
98 ദിവസമായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും എന്ന ഉപാധിയോടെയാണ് ജാമ്യം. തിങ്കളാഴ്ചകളില്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി ) സ്വര്‍ണക്കടത്ത് കേസിന് അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 28നാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ എം ശിവശങ്കര്‍ അറസ്റ്റിലായത്. നവംബറില്‍ സ്വര്‍ണ്ണക്കടത്ത് കേസിലും ജനുവരിയില്‍, ഡോളര്‍ക്കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തി. 1,90,000 യുഎസ് ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നായിരുന്നു കസ്റ്റംസിന്റെ വാദം. എന്നാല്‍ അതിനാവശ്യമായ തെളിവുകളൊന്നും ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് ഹാജരാക്കാനായില്ലെന്നും പ്രതികളുടെ മൊഴി മാത്രമാണ് തെളിവായുള്ളതെന്നുമുള്ള ശിവശങ്കറിന്റെ വാദം ജാമ്യാപേക്ഷ പരിഗണിച്ച കോടതി അംഗീകരിച്ചു.
ഡോളര്‍ കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നതായി മറ്റു പ്രതികളുടെ മൊഴികളില്‍ നിന്ന് വ്യക്തമാണെന്നും ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കര്‍ വീഴ്ചവരുത്തിയെന്നും വിധിന്യായത്തില്‍ കോടതി നിരീക്ഷിച്ചു. എന്നാല്‍ ശിവശങ്കറിന്റെ അനാരോഗ്യവും രോഗാവസ്ഥയും കോടതി എടുത്തു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ കേസില്‍ ശിവശങ്കറിന്റെ പരിമിത പങ്ക് അന്വേഷിച്ചു കഴിഞ്ഞതായും കോടതി നിരീക്ഷിച്ചു.
ജാമ്യം അനുവദിക്കരുതെന്ന അപേക്ഷ കസ്റ്റംസ് കോടതിയില്‍ നല്‍കിയിരുന്നു. ശിവശങ്കറി നെതിരേ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ വാദം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാക്കനാട് ജില്ലാ ജയിലില്‍ നിന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്.