തിരുവനന്തപുരം : മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്ന സ്വരം സ്വാഗതാർഹമെന്ന് ബിജെപി നേതാവ് എം ടി രമേശ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം കൊണ്ടു വന്ന നരേന്ദ്രമോദി സർക്കാരിനെ എതിർക്കുന്നത് മതഭ്രാന്തൻമാരും യാഥാസ്ഥിതികരും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്ന സ്വരം സ്വാഗതാർഹമാണ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം കൊണ്ടു വന്ന നരേന്ദ്രമോദി സർക്കാരിനെ എതിർക്കുന്നത് മതഭ്രാന്തൻമാരും യാഥാസ്ഥിതികരും മാത്രമാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ആർക്കും ഇതിനെ എതിർക്കാനാവില്ലെന്ന കാര്യം സുവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്നിപ്പിനെ നാം കാണേണ്ടത്. അപരിഷ്കൃതമായ ഈ ആചാരത്തിൽ നിന്ന് മുസ്ലീം സ്ത്രീകളെ കരകയറ്റണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്‍റെ ചിന്ത പുരോഗമനകരമാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാൻ കൂടുതൽ ആള്‍ക്കാര്‍ രംഗത്തു വരണം. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് അനുഗുണമായ ഈ നിലപാട് എല്ലാവരും സ്വീകരിക്കേണ്ടതാണ്. രാഷ്ട്രീയമായി ബിജെപിയെ എതിർക്കുമ്പോഴും സ്വസമുദായത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ മുത്തലാഖ് ക്രിമനൽ കുറ്റമാക്കിയ മോദി സര്‍ക്കാരിനെ മനസ്സു കൊണ്ടെങ്കിലും അനുകൂലിക്കാതിരിക്കാൻ കഴിയില്ല. ഇതൊരു തുടക്കമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.