തിരുവനന്തപുരം: എം. ശിവശങ്കര്‍ വ്യക്തിപരമായി നടത്തിയ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ലയെന്നും സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനൊന്നുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിയമപരമായോ ധാര്‍മികമായോ ഒരു ഉത്തരവാദിത്വവും സര്‍ക്കാരിനില്ലെന്നും ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വച്ചുവാഴിക്കില്ല എന്ന നേരത്തത്തെ നിലപാട് തന്നെയാണ് ഇപ്പോള്‍ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിപിറകേ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്കരിക്കാം എന്ന ചിന്തയാണ് കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്നതെന്നും ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് അഴിമതിയുടെ ദുര്‍ഗന്ധം ഭരണകൂടത്തിനുമേല്‍ എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്നിവരുടെ അറസ്റ്റുകളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.